ക്യാഷ് ഓൺ ഡെലിവറിയ്ക്ക് അധിക പണം; ഇ-കോമേഴ്സ് കന്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രഹ്ലാദ് ജോഷി
Saturday, October 4, 2025 1:14 AM IST
ന്യൂഡൽഹി: ക്യാഷ് ഓൺ ഡെലിവറിയ്ക്ക് അധിക പണം ഈടാക്കുന്ന ഇ-കോമേഴ്സ് കന്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇ-കോമേഴ്സ് സ്ഥാപനങ്ങൾ അധിക ഫീസുകൾ ഈടാക്കുന്നതായി ഉപഭോക്തൃ കാര്യ വകുപ്പിന് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇത്തരം കന്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രഹ്ലാദ് ജോഷി എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
ക്യാഷ് ഓൺ ഡെലിവറിയ്ക്ക് അധിക പണം ഈടാക്കുന്നത് ഉപഭോക്താക്കളെ തെറ്റിധരിപ്പിച്ച് ചൂഷണം ചെയ്യുന്ന ഡാർക്ക് പാറ്റേൺ രീതിയാണെന്നും കേന്ദ്രമന്ത്രി കുറിച്ചു. ഒരു എക്സ് ഉപയോക്താവിന്റെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് പ്രഹ്ലാദ് ജോഷി മുന്നറിയിപ്പ് നൽകിയത്.
ഓഫർ ഹാൻഡിലിംഗ് ഫീ, പേമെന്റ് ഹാൻഡിലിംഗ് ഫീ, പ്രൊട്ടക്ട് പ്രോമിസ് ഫീ എന്നീ പേരുകളിൽ 226 രൂപ ഫ്ലിപ്കാർട്ട് അധികമായി ഈടാക്കിയതായി ആരോപിച്ച് സിദ്നാൻ എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച പോസ്റ്റിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
ഉപഭോക്താക്കൾ അറിയാതെ അവരിൽ നിന്ന് അധിക പണവും ഡാറ്റയും ഇ-കോമേഴ്സ് കന്പനികൾ കൈക്കലാക്കുന്ന രീതിയാണ് ഡാർക്ക് പാറ്റേൺ.