ബന്ധികളെ മോചിപ്പിക്കാം; ട്രംപിന്റെ ചില ഉപാധികൾ അംഗീകരിച്ച് ഹമാസ്
Saturday, October 4, 2025 3:20 AM IST
കയ്റോ: ഗാസ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിലെ ചില ഉപാധികൾ ഹമാസ് അംഗീകരിച്ചു. ഇസ്രായേലി ബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ് സമ്മതമറിയിച്ചത്.
എന്നാൽ മറ്റ് ഉപാധികളിന്മേൽ കൂടുതൽ ചർച്ച വേണമെന്നും ഹമാസ് അറിയിച്ചു. ഇന്ത്യൻസമയം ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ഹമാസ് ഇക്കാര്യം പുറത്തുവിട്ടത്. ഞായറാഴ്ച വൈകുന്നേരം ആറിനകം സമാധാന പദ്ധതി അംഗീകരിക്കണമെന്ന് ട്രംപ് ഹമാസിന് അന്ത്യശാസനം നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം. അല്ലെങ്കിൽ ഗുരുതരപ്രത്യാഘാതം ഉണ്ടാകുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. കരാറിലെ മുഴുവൻ വ്യവസ്ഥകളും അംഗീകരിക്കാനാകില്ലെന്നും അതേക്കുറിച്ച് പഠിക്കാൻ കൂടുതൽ സമയം വേണമെന്നും ചില ഹമാസ് നേതാക്കൾ പറഞ്ഞു.
നിരായുധീകരിക്കണമെന്ന സമാധാന പദ്ധതിയിലെ നിർദേശത്തെക്കുറിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല. ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാനും തടവുകാരെ കൈമാറാനും അടിയന്തര സഹായങ്ങളെത്തിക്കാനും അറബ്, ഇസ്ലാമിക, രാജ്യാന്തരരംഗവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നു.
ജീവിച്ചിരിക്കുന്നവരും മരിച്ചതുമായ എല്ലാ ബന്ദികളെയും വിട്ടുനൽകാം. ട്രംപിന്റെ പദ്ധതിയിലെ നിർദേശം അനുസരിച്ചുള്ള സാഹചര്യം ഒരുക്കിയാൽ ബന്ദികളെ വിട്ടു നൽകുമെന്നും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.