യുഎസ് ധന ബില്ല്; വോട്ടെടുപ്പ് വീണ്ടും പരാജയം, സർക്കാർ ഷട്ട് ഡൗൺ തുടരും
Saturday, October 4, 2025 7:20 AM IST
വാഷിംഗ്ടൺ: അമേരിക്കയിൽ ധന ബില്ലിൽ നടന്ന വോട്ടെടുപ്പ് വീണ്ടും പരാജയപ്പെട്ടു. ഇതോടെ യുഎസിലെ സർക്കാർ ഷട്ട് ഡൗൺ വരും ദിവസങ്ങളിലും തുടരും. വോട്ടെടുപ്പിന് മുന്നോടിയായി നടന്ന സമവായ ചർച്ചകളും വിജയം കണ്ടിരുന്നില്ല.
ഒക്ടോബർ ഒന്ന് മുതൽ ആരംഭിച്ച ഷട്ട് ഡൗണിനെ തുടർന്ന് യുഎസിലെ വിവിധ മേഖലകൾ സ്തംഭിക്കുന്ന നിലയിലായിരുന്നു. ഇതേ തുടർന്നാണ് ഡെമോക്രാറ്റ്-റിപബ്ലിക്കൻ കക്ഷികൾ വോട്ടെടുപ്പിന് മുന്നോടിയായി സമവായ ചർച്ചകൾ നടത്തിയത്.
ഇനി തിങ്കളാഴ്ച്ച വീണ്ടും വോട്ടെടുപ്പ് നടക്കും. ഇതിനിടെ ഫെഡറൽ ജീവനക്കാരെ പിരിച്ചു വിടുമെന്ന ഭീഷണി വൈറ്റ് ഹൗസ് ആവർത്തിച്ചിട്ടുണ്ട്.
ഒക്ടോബർ ഒന്നിന് നടന്ന വോട്ടെടുപ്പിൽ സമവായത്തിലെത്താൻ സാധിക്കാതെ വന്നതോടെയാണ് അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനം സ്തംഭിച്ചത്. ഇതോടെ സാധാരണക്കാരെയും ഷട്ട് ഡൗൺ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.