മൂന്ന് ദിവസം മുന്പ് കാണാതായ യുവതിയുടെ മൃതദേഹം വീപ്പയ്ക്കുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി
Saturday, October 4, 2025 8:01 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസം മുന്പ് കാണാതായ യുവതിയുടെ മൃതദേഹം നീല വീപ്പയ്ക്കുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി. കൈകളും കാലുകളും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മധ്യപ്രദേശ് ദേവാസ് ജില്ലയിൽനിന്ന് കാണാതായ ലക്ഷിത ചൗധരി-22 യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഗർബ ആഘോഷ ചടങ്ങിൽ പങ്കെടുക്കുമ്പോൾ സ്ത്രീകൾ ധരിക്കുന്ന വേഷമാണ് മൃതദേഹത്തിലുണ്ടായിരുന്നത്. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഒളിവിലായിരുന്ന യുവതിയുടെ സുഹൃത്ത് മനോജ് ചൗഹാൻ പോലീസിൽ കീഴടങ്ങി. മറ്റൊരാളുമായി അടുപ്പം കാണിച്ചതിനെ തുടർന്ന് ലക്ഷിതയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ മൊഴി നൽകി.
പ്രതിയായ മനോജിന്റെ വീട്ടിൽനിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികളാണ് വീപ്പയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോളജിൽ പോകാനായി വീട്ടിൽനിന്നും ഇറങ്ങിയ ലക്ഷിത തിരികെ വരാത്തതിനെതുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.