വിന്‍ഡീസിനെ എറിഞ്ഞിട്ട് ഇന്ത്യ; ഉജ്ജ്വല ജയം
Saturday, October 4, 2025 3:29 PM IST
അഹമ്മദാബാദ്: വിൻഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം. വിന്‍ഡീസിനെ ഇന്നിംഗ്സിനും 140 റണ്‍സിനും തോല്‍പ്പിച്ചു.
വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിംഗ്സില്‍ 146ന് പുറത്തായി. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലും മുഹമ്മദ് സിറാജ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ലഞ്ചിനു പിരിയുമ്പോൾ 27 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 66 റൺസെന്ന നിലയിലായിരുന്നു വിൻഡീസ്.
അലിക് അതാനീസ് (38), ജസ്റ്റിൻ ഗ്രീവ്സ് (25) എന്നിവരുടെ ഇന്നിംഗ്സുകളിലായിരുന്നു വിൻഡീസിന്റെ പ്രതീക്ഷ. പക്ഷേ അതും അധികം നീണ്ടില്ല. ബുധനാഴ്ച രണ്ടാം സെഷനിൽ അനാതീസിനെ വാഷിംഗ്ടൺ സുന്ദർ സ്വന്തം പന്തില്‍ ക്യാച്ചെടുത്തു പുറത്താക്കി. പിന്നാലെ മുഹമ്മദ് സിറാജിന്റെ പന്തിൽ ഗ്രീവ്സും ബോൾഡായി.
ജെയ്ഡൻ സീൽസ് (22), യൊഹാൻ ലെയ്ൻ (14), ഖാരി പിയറി (13) റണ്‍സെടുത്തു. രണ്ടിന്നിംഗ്സിലും കൂടി മുഹമ്മദ് സിറാജ് ഏഴു വിക്കറ്റുകൾ സ്വന്തമാക്കി. കുൽദീപ് യാദവിനു രണ്ടും വാഷിംടൺ സുന്ദറിന് ഒരു വിക്കറ്റുമുണ്ട്.
ടാഗ്നരെയ്ൻ ചന്ദർപോൾ (എട്ട്), ബ്രണ്ടൻ കിങ് (അഞ്ച്), റോസ്റ്റൻ ചെയ്സ് (ഒന്ന്), ഷായ് ഹോപ് (ഒന്ന്) എന്നിങ്ങനെയാണ് മറ്റ് വിൻഡീസ് താരങ്ങളുടെ രണ്ടാം ഇന്നിംഗ്സിലെ സ്കോറുകൾ.
കെ.എൽ. രാഹുൽ (100), ധ്രുവ് ജുറേൽ (125), രവീന്ദ്ര ജഡേജ (104 നോട്ടൗട്ട്) എന്നിവരുടെ സെഞ്ചറിക്കരുത്തിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ അഞ്ചിന് 448 എന്ന നിലയിലായിരുന്നു ടീം ഇന്ത്യ.
മൂന്നാം ദിവസം തുടക്കത്തിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ, വിൻഡീസിനെ രണ്ടാം ഇന്നിംഗ്സിനു വിടുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 286 റൺസ് ലീഡും സ്വന്തമാക്കിയിരുന്നു.