റൈറ്റ് ടു ഡിസ്കണക്ട്; സ്വകാര്യമേഖലയിലെ ജോലിഭാരം കുറയ്ക്കാന്‍ സ്വകാര്യ ബില്ലുമായി ഡോ.എന്‍. ജയരാജ്
റോബിന് ഏബ്രഹാം ജോസഫ്
Saturday, October 4, 2025 3:53 PM IST
കോട്ടയം: സ്വകാര്യമേഖലയിലെ ജോലിഭാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നിയമസഭയില്‍ സ്വകാര്യബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് എംഎല്‍എ. ജോലി ഭാരത്താല്‍ മാനസികമായി ക്ലേശിക്കുന്നവരുടെ ക്ലേശത്തിന് പരിഹാരം തേടിയാണ് റൈറ്റ് ടു ഡിസ്കണക്ട് ബില്ലുമായി ജയരാജ് നിയമസഭയിലെത്തുന്നത്.
കോവിഡിനുശേഷം സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ നേരിടുന്നത് സമാനതകളില്ലാത്ത മാനസിക ആരോഗ്യ പ്രശ്നങ്ങളാണ്. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഒപ്പിടുന്ന കരാറിന്മേലുള്ള നിബന്ധനകള്‍ക്ക് അപ്പുറമായാണ് സ്വകാര്യ മേഖലയിലെ ജോലി. ജോലിസമയം, വര്‍ക്ക് ലോഡ്, മീറ്റിംഗുകള്‍, ടാര്‍ജറ്റ് എന്നിങ്ങനെ വലിയ മാനസിക സമ്മര്‍ദമാണ് ജീവനക്കാര്‍ക്ക്. ഓഫീസ് ജോലിയ്ക്കുശേഷം വീട്ടിലെത്തി മീറ്റിംഗുകള്‍ അറ്റന്‍ഡ് ചെയ്യേണ്ട സാഹചര്യവും ചിലര്‍ക്കുണ്ട്.
ബില്ല് പ്രകാരം തൊഴില്‍ കരാറില്‍ സൂചിപ്പിച്ചിരിക്കുന്ന പ്രവൃത്തി സമയത്തിനപ്പുറം ഓണ്‍ലൈന്‍ മീറ്റിംഗുകള്‍, ഫോണ്‍ കോളുകള്‍, ഇ-മെയിലുകള്‍, വീഡിയോ കോണ്‍ഫറന്‍സുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അവകാശമുണ്ട്. ഇത്തരത്തില്‍ നിലപാട് സ്വീകരിക്കുന്ന ജീവനക്കാര്‍ക്കെതിരെ ഒരു അച്ചടക്ക നടപടിയും സ്വീകരിക്കാന്‍ സാധിക്കില്ല. കൂടാതെ ഓരോ ജില്ലയിലും റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ചെയര്‍മാനും ജില്ലാ ലേബര്‍ ഓഫീസര്‍ സെക്രട്ടറിയുമായി തൊഴില്‍ പരാതി പരിഹാര സമിതി സ്ഥാപിക്കാനും ബില്‍ നിര്‍ദേശിക്കുന്നു.
ഈ കമ്മിറ്റികള്‍ക്ക് കമ്പനികളില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ തേടാനും, സ്ഥാപനത്തിലെ പിരിച്ചുവിടലുകള്‍ പരിശോധിക്കാനും ഓവര്‍ടൈം, മാനസിക സമ്മര്‍ദം, തൊഴിലിടങ്ങളിലെ തെറ്റായ നടപടിക്രമകള്‍ തുടങ്ങി പ്രശ്നങ്ങളില്‍ ഇടപെടാനും നടപടിയെടുക്കാനും അധികാരമുണ്ടാകും. മനോനില തകര്‍ന്ന് ആത്മഹത്യ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സ്വകാര്യ ബില്ലുമായി ചീഫ് വിപ്പുകൂടിയായ ഡോ.എന്‍. ജയരാജ് എത്തുന്നത്.