അഭിനയം തനിക്ക് അനായാസമായ ഒരു കാര്യമല്ല; സർക്കാരിന്റെ ആദരം ഏറ്റുവാങ്ങി മോഹൻലാൽ
Saturday, October 4, 2025 6:50 PM IST
തിരുവനന്തപുരം: അഭിനയം തനിക്ക് അനായസമായ ഒരു കാര്യമല്ലെന്ന് മോഹൻലാൽ. ഒരു കാഥാപാത്രത്തിൽനിന്നും മറ്റൊന്നിലേക്ക് മാറുന്പോൾ ദൈവമേ എന്ന് മനസിൽ വിളിച്ചുകൊണ്ട് മാത്രമേ ഇപ്പോഴും താൻ കാമറയ്ക്കു മുന്നിൽ എത്താറുള്ളു. എനിക്ക് ഇത് ചെയ്യാൻ സാധിക്കണമേ എന്ന പ്രാർഥന എപ്പോഴും ഉണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദാദാസാഹേബ് ഫാൽക്കേ പുരസ്കാര നേട്ടത്തിന് സംസ്ഥാന സർക്കാർ നൽകിയ ആദരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു മോഹൻലാൽ. കാണുന്നവർക്ക് താൻ അനായാസമായി അഭിനയിക്കുന്നുവെന്ന് തോന്നുന്നുണ്ടെങ്കിൽ അത് തനിക്ക് പോലും അറിയാത്ത ഇതുവരെ തിരിച്ചറിയാനാകാത്ത ഏതോ ശക്തിയുടെ അനുഗ്രഹം കൊണ്ടാണ് സാധിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.
ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണ് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നതെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടമാണ് ഇതെന്നും, ശതാബ്ദിയോട് അടുത്ത മലയാള സിനിമയിൽ അരനൂറ്റാണ്ടോളമായി മോഹൻലാൽ നിറഞ്ഞാടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിത്യജീവിതത്തിൽ മോഹൻലാലായി പോവുക മലയാളിക്ക് ശീലം. മോഹൻലാൽ മലയാളിയുടെ അപര വ്യക്തിത്വം. ഇന്നത്തെ യുവനടന്മാർ ഒരു വർഷത്തിൽ ചെയ്യുന്നത് മൂന്നോ നാലോ സിനിമകളിൽ മാത്രം അഭിനയിക്കുന്നു, മോഹൻലാൽ 34 സിനിമയിൽ വരെ ഒരു വർഷം അഭിനയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മോഹൻലാലിലൂടെ മലയാളം വാനോളം ഉയർന്നുവെന്നും, കേരളം ഒന്നടങ്കം ലാൽ സലാം പറയുന്നുവെന്ന് സാംസ്കാരികമന്ത്രി സജി ചെറിയാനും പരാമർശിച്ചു. ഭരത് മോഹന്‍ലാലിലൂടെ വാനോളമാണ് മലയാളം ഉയര്‍ന്നത്. അതുകൊണ്ടാണ് സിനിമക്കുള്ള സമഗ്ര സംഭാവനക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിനോട് കേരളം ഒന്നടങ്കം ലാല്‍സലാം എന്ന് പറയുന്നതെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.