നവീകരണം പൂർത്തിയാക്കിയ ശബരിമലയിലെ സ്വർണപ്പാളികൾ ഒക്ടോബർ പതിനേഴിന് പുനഃസ്ഥാപിക്കും
Saturday, October 4, 2025 11:18 PM IST
തിരുവനന്തപുരം: വിവാദങ്ങളും വെളിപ്പെടുത്തലുകളും തുടരുന്നതിനിടെ നവീകരണം പൂർത്തിയാക്കിയ ശബരിമലയിലെ സ്വർണപ്പാളികൾ ഒക്ടോബർ പതിനേഴാം തീയതി പുനഃസ്ഥാപിക്കും. സ്വർണപ്പാളികൾ പുനഃസ്ഥാപിക്കാൻ ഹൈക്കോടതിയുടെ അനുമതി ലഭിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു.
തുലമാസ പൂജകൾക്കായി ഒക്ടോബർ 17ന് വൈകുന്നേരം അഞ്ചിനാണ് ശബരിമലക്ഷേത്രത്തിൽ നട തുറക്കുന്നത്. ഇതിന് മുന്നോടിയായി തന്ത്രിയുടെ നിർദേശാനുസരണം സ്വർണപ്പാളി സ്ഥാപിക്കുമെന്നാണ് ദേവസ്വം അറിയിച്ചിരിക്കുന്നത്.
നവീകരണം പൂർത്തിയാക്കിയ സ്വർണപ്പാളികൾ ഏതാനും ദിവസങ്ങൾക്കു മുൻപേതന്നെ സന്നിധാനത്ത് തിരിച്ചെത്തിക്കുകയും അത് സന്നിധാനത്തെ ദേവസ്വംബോർഡിന്റെ സ്ട്രോംഗ് റൂമിൽ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്.