ഗാസ വെടിനിർത്തൽ പദ്ധതി ഹമാസ് അംഗീകരിച്ചു; ഇസ്രയേൽ ബോംബിംഗ് നിർത്തണമെന്ന് ട്രംപ്
Saturday, October 4, 2025 10:06 PM IST
വാഷിംഗ്ടൺ ഡിസി: വെടിനിർത്തൽ പദ്ധതിയിലെ ബന്ദിമോചനം അടക്കമുള്ള വ്യവസ്ഥകൾ ഹമാസ് അംഗീകരിച്ച പശ്ചാത്തലത്തിൽ ഇസ്രേലി സേന ഗാസയിലെ ബോംബാക്രമണം അവസാനിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു.
ട്രംപ് മുന്നോട്ടുവച്ച ഗാസ സമാധാന പദ്ധതിയിലെ ആദ്യഘട്ടം ഉടനടി നടപ്പാക്കാൻ ഇസ്രയേൽ തയാറെടുക്കുന്നതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു. ഇതിനു പിന്നാലെ, ഗാസയിലെ ആക്രമ ണം കുറയ്ക്കാൻ ഇസ്രേലി രാഷ്ട്രീയ നേതൃത്വം സൈന്യത്തിനു നിർദേശം നല്കിയെന്നാണ് റിപ്പോർട്ട്.
ഇരുപതിന സമാധാന പദ്ധതി ഞായറാഴ്ചയ്ക്കുള്ളിൽ അംഗീകരിക്കണമെന്ന് ട്രംപ് ഹമാസിന് അന്ത്യശാസനം നല്കിയിരുന്നു. ഇതിനു പിന്നാലെയാണ്, എല്ലാ ഇസ്രേലി ബന്ദികളെയും മോചിപ്പിക്കുന്നതടക്കം പദ്ധതിയിലെ പ്രധാന നിർദേശങ്ങൾ അംഗീകരിക്കുന്നതായി ഹമാസ് അറിയിച്ചത്. അതേസമയം, ഭീകരസംഘടനയുടെ നിരായുധീകരണം അംഗീകരിക്കാൻ ഹമാസ് നേതൃത്വം തയാറായിട്ടില്ല.
ദീർഘകാല സമാധാനത്തിന് ഹമാസ് സന്നദ്ധത അറിയിച്ചുകഴിഞ്ഞുവെന്നും ഇനി നെതന്യാഹുവിന്റെ തീരുമാനമാണ് അറിയേണ്ടതെന്നും ട്രംപ് ഇന്നലെ പറഞ്ഞു. “ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കേണ്ടതിന് ഇസ്രയേൽ ഉടൻ ഗാസയിലെ ബോംബാക്രമണം നിർത്തണം ” എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇസ്രേലി താത്പര്യങ്ങൾക്കനുസൃതമായി യുദ്ധം അവസാനിപ്പിക്കുന്നതിൽ പ്രസിഡന്റ് ട്രംപുമായും അദ്ദേഹത്തിന്റെ ടീമുമായും സഹകരിക്കുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു.
ട്രംപിനെ ധിക്കരിച്ച് ആക്രമണം
കയ്റോ: ട്രംപിന്റെ നിർദേശം അവഗണിച്ച് ഇസ്രേലി സേന ഗാസയിൽ ബോംബാക്രമണം തുടർന്നു. ഇസ്രയേൽ ആക്രമണം നിർത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടതിനുശേഷം മാത്രം ഗാസയിൽ 20 പേർ കൊല്ലപ്പെട്ടതായി അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു.
ഇസ്രേലി യുദ്ധവിമാനങ്ങൾ ബോംബ് വർഷിക്കുന്നതിന്റെ തീവ്രത കൂട്ടിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തു.
രണ്ടു വർഷം പൂർത്തിയാകുന്ന ഇസ്രേലി ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 67,074 ആയി എന്ന് ഹമാസിന്റെ ആരോഗ്യവകുപ്പ് ഇന്നലെ അറിയിച്ചു. 1,69, 430 പേർക്കു പരിക്കേറ്റു.
പട്ടിണി മൂലം രണ്ട് കുഞ്ഞുങ്ങൾകൂടി മരിച്ചതായും റിപ്പോർട്ടുണ്ട്. ഗാസയിലെ മൊത്തം പട്ടിണിമരണം 459 ആയി. ഇതിൽ 154 പേർ കുട്ടികളാണ്.