ഭിന്നശേഷി സംവരണം: സർക്കാർ കോടതി വിധിയ്ക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് വി. ശിവൻകുട്ടി
Sunday, October 5, 2025 3:08 AM IST
തിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിൽ നിലപാട് മയപ്പെടുത്തി വിദ്യഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിൽ സർക്കാർ കോടതി വിധിയ്ക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സുപ്രീം കോടതിയും ഹൈക്കോടതിയും ഇക്കാര്യത്തിൽ എടുത്ത നിലപാടുകൾ നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. സംസ്ഥാന സർക്കാർ ഏതെങ്കിലും വിഭാഗത്തിന് വേണ്ടി മാത്രം നിലകൊള്ളുന്നവരല്ലെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.
എല്ലാ വിഭാഗം ജനങ്ങളുടെയും ആശയങ്ങൾ ഉൾക്കൊണ്ട് സർക്കാർ പ്രവർത്തിക്കും. എന്നാൽ മാനേജ്മെന്റുകൾ അവരുടെ കടമകൾ നിറവേറ്റണ്ടതുണ്ട്. വിമർശനം ഉന്നയിക്കുന്നവർ ഇക്കാര്യം പരിശോധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയ്ക്ക് ലഭിച്ച നിവേദനം കൈമാറിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ പരിശോധിക്കാൻ സർക്കാരിന് തുറന്ന മനസാണുള്ളതെന്നും മന്ത്രി പറഞ്ഞു.