അതിർത്തിയിലെ കരുത്ത് വർധിപ്പിക്കാൻ പുത്തൻ വ്യോമ പ്രതിരോധ സംവിധാനം നിർമിക്കാനൊരുങ്ങി ഇന്ത്യ
Sunday, October 5, 2025 6:01 AM IST
ന്യൂഡൽഹി: അതിർത്തിയിലെ കരുത്ത് വർധിപ്പിക്കാൻ ആറ് അത്യാധുനിക എകെ 630- 30 എംഎം മൾട്ടി ബാരൽ മൊബൈൽ എയർ ഡിഫൻസ് ഗൺ സിസ്റ്റം നിർമിക്കാനൊരുങ്ങി ഇന്ത്യ. മിനിട്ടിൽ 3,000 വെടിയുണ്ടകൾ പായിക്കാൻ ശേഷിയുള്ള എയർ ഡിഫൻസ് ഗൺ സിസ്റ്റമാണ് നിർമിക്കുക.
വിശദമായ രൂപരേഖ (റിക്വസ്റ്റ് ഫോർ പ്രൊപ്പൊസൽ-ആർഎഫ്പി) നൽകാൻ അഡ്വാൻസ്ഡ് വെപ്പൺ ആൻഡ് എക്വിപ്മെന്റ് ഇന്ത്യ ലിമിറ്റഡിനെ ചുമതലപ്പെടുത്തി. പാക് അതിർത്തിക്ക് സമീപമുള്ള ജനവാസമേഖലകൾ, ആരാധനാലയങ്ങൾ തുടങ്ങിയവയ്ക്ക് കാവലാവുകയാണ് ലക്ഷ്യം. ആർഎഫ്പി ലഭിച്ചശേഷം കരാർ അന്തിമമാക്കുമെന്നാണ് സൂചന.
ആറു ബാരലുകളുള്ള സൂപ്പർ ഗണ്ണായിരിക്കും നിർമിക്കുക. ചെലവ് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ സൈനിക നീക്കത്തിനിടെ പാകിസ്ഥാൻ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തിരുന്നു.
എകെ 630 കൂടിയെത്തുന്നതോടെ അതിർത്തിയിലെ കരുത്ത് വർധിക്കും. നാല് കിലോമീറ്റർ റേഞ്ചിൽ മിനിട്ടിൽ 3,000 വെടിയുണ്ടകൾ പായും. ആളില്ലാ യുദ്ധവിമാനങ്ങൾ, റോക്കറ്റ്, പീരങ്കി, മോർട്ടാർ എന്നിവയെ തകർക്കാം.