കരൂർ ദുരന്തം: ടിവികെ നേതാവ് വിജയ്യുടെ പര്യടന വാഹനം പിടിച്ചെടുക്കാൻ പോലീസ് നീക്കം
Sunday, October 5, 2025 7:15 AM IST
ചെന്നൈ: കരൂർ ദുരന്തത്തിൽ നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് പര്യടനത്തിന് ഉപയോഗിച്ചിരുന്ന ബസ് പിടിച്ചെടുക്കാനൊരുങ്ങി പോലീസ്. മദ്രാസ് ഹൈകോടതി ജഡ്ജി ജസ്റ്റീസ് എൻ. ശെന്തിൽകുമാർ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കരൂർ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ കോടതി രൂപവത്കരിച്ച തമിഴ്നാട് ഉത്തര മേഖല ഐജി അസ്ര ഗാർഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തോടാണ് (എസ്ഐടി) വിജയ് ഉപയോഗിച്ചിരുന്ന പര്യടന വാഹനം കസ്റ്റഡിയിലെടുക്കാൻ നിർദേശിച്ചത്. കരൂർ ദുരന്തത്തിന്റെ കൂടുതൽ വീഡിയോ ദൃശ്യങ്ങൾ വിജയ്യുടെ പര്യടന വാഹനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഘടിപ്പിച്ചിട്ടുള്ള സിസി ടിവി കാമറകളിൽനിന്ന് ശേഖരിക്കും.
വിജയ്യുടെ കാരവാൻ വാഹനത്തിന് വശങ്ങളിലായി ആരാധകർ ബൈക്കുകളിൽ വരവെ ഉണ്ടായ അപകട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പരാതികൾ ലഭ്യമാകാത്തതിനാൽ പോലീസ് കേസെടുത്തിരുന്നില്ല. കേസെടുക്കാതെ നിഷ്ക്രിയത്വം പാലിച്ചതിനെ കോടതി രൂക്ഷമായി വിമർശിക്കയും കേസ് രജിസ്റ്റർ ചെയ്ത് വാഹനം പിടിച്ചെടുക്കുകയും വേണമെന്ന് കർശന നിർദേശം പുറപ്പെടുവിക്കുകയുമായിരുന്നു.