പലസ്തീൻ ഐക്യദാർഢ്യം: മൈം തടഞ്ഞ സംഭവത്തിൽ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
Sunday, October 5, 2025 7:30 AM IST
കാസർഗോഡ്: പലസ്തീൻ ഐക്യദാർഢ്യം പ്രകടിപ്പിച്ച് കുന്പള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ അവതരിപ്പിച്ച മൈം തടഞ്ഞ സംഭവത്തിൽ ജില്ല കളക്ടർക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. പോലീസും പൊതുവിദ്യാഭ്യാസ ഉപഡയറക്ടറുമാണ് റിപ്പോർട്ട് സമർപ്പിക്കുക.
മൈം അവതരിപ്പിക്കുന്നതിനിടെ പരിപാടി തടയുകയും കലോത്സവം മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നിർദേശിച്ചിരുന്നു.
അതേസമയം, മാറ്റിവച്ച കലോത്സവം തിങ്കളാഴ്ച നടത്തും. ഇതോടൊപ്പം അധ്യാപകർ തടസപ്പെടുത്തിയ മൈം അവതരിപ്പിക്കാൻ കുട്ടികൾക്ക് അവസരം നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
പലസ്തീനിൽ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങൾക്കൊപ്പമാണ് കേരളം. പലസ്തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈം തടയാൻ ആർക്കും അധികാരമില്ലെന്നും വി. ശിവൻകുട്ടി അറിയിച്ചിരുന്നു.