2026 ഫിഫ ലോകകപ്പ്: ഔദ്യോഗിക പന്ത് പുറത്തിറക്കി
Sunday, October 5, 2025 9:51 AM IST
ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പ് ഫുട്ബോളിനുള്ള ഔദ്യോഗിക പന്ത് പുറത്തിറക്കി. ന്യൂയോർക്കിൽ നടന്ന ചടങ്ങിലാണ് "ട്രിയോൻഡ' എന്ന് പേരുള്ള പന്ത് പുറത്തിറക്കിയത്. സ്പാനിഷിൽ "മൂന്ന് തരംഗം' എന്ന അർഥം വരുന്ന വാക്കാണ് ട്രിയോൻഡ.
എഐ സാങ്കേതിക വിദ്യയിൽ പന്തിന്റെ എല്ലാ ചലനങ്ങളും മനസിലാക്കാൻ പറ്റുന്ന രീതിയിലാണ് നിർമാണം. അഡിഡാസ് കമ്പനി പുറത്തിറക്കുന്ന പന്തിന് 14,200 രൂപയാണ് (160 യുഎസ് ഡോളർ) വില.
ഓഫ് സൈഡ്, ഗോൾ ലൈൻ ടച്ച്, ഹാൻഡ് ബോൾ എന്നിവയൊക്കെ വളരെ സൂക്ഷമായി കണ്ടുപിടിക്കാൻ പന്തിൽ സാങ്കേതിക വിദ്യ ഒരുക്കിയിട്ടുണ്ട്. കളിക്കാരുടെ ശരീരത്ത് ചെറുതായി വരുന്ന സ്പർശനം പോലും ബോളിലെ സാങ്കേതിക വിദ്യ കണ്ടെത്തുമെന്ന് അഡിഡാസ് വ്യക്തമാക്കുന്നു.
ചുവപ്പ്, നീല, പച്ച, വെള്ള നിറങ്ങൾ സംയോജിപ്പിച്ചാണ് പന്ത് നിർമിച്ചിരിക്കുന്നത്. ലോകകപ്പിന് വേദിയാകുന്ന അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ പ്രതീകങ്ങളായാണ് ഈ നിറങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ ഇതിഹാസ താരങ്ങളായ സിനദിൻ സിദാൻ, സാവി ഹെർണാണ്ടസ്, കഫു, അലക്സാൻഡ്രോ ദെൽ പിയറോ, യൂർഗൻ ക്ലിൻസ്മാൻ എന്നിവർ ചേർന്നാണ് പന്ത് പുറത്തിറക്കിയത്.