പശ്ചിമബംഗാളിൽ കനത്തമഴ; മണ്ണിടിച്ചിലിൽ മുന്നുപേർ മരിച്ചു
Sunday, October 5, 2025 11:14 AM IST
കോൽക്കത്ത: പശ്ചിമബംഗാളിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന്പേർ മരിച്ചു. ഡാർജിലിംഗിലെ മിരിക്, സുഖിയ പൊഖാരി എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. മരണസംഖ്യ ഉയർന്നേക്കാമെന്ന് സൂചനയുണ്ട്.
മണ്ണിടിച്ചിലിനെ തുടർന്ന് പശ്ചിമ ബംഗാളിനും സിക്കിമിനും ഇടയിലുള്ള റോഡ് തകർന്നു. ജൽപൈഗുരി, സിലിഗുരി, കൂച്ച്ബെഹാർ എന്നിവിടങ്ങളിലും കനത്ത മഴ പെയ്തു. ഇതേതുടർന്ന് പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി.
ഡാർജിലിംഗിലെ ടൈഗർ ഹിൽ, റോക്ക് ഗാർഡൻ എന്നിവയുൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാൻ ഗൂർഖാലാൻഡ് ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷൻ (ജിടിഎ) തീരുമാനിച്ചു. ഡാർജിലിംഗിലെ ടോയ് ട്രെയിൻ സർവീസുകളും നിർത്തിവച്ചു.
രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുന്നതിനാൽ താമസക്കാരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്നും റോഡ്, കാലാവസ്ഥ എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും അധികൃതർ അറിയിച്ചു.