ലഡാക്ക് വെടിവയ്പ്പ്; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കും വരെ ജയിലിൽ തുടരുമെന്ന് സോനം വാംഗ്ചുക്ക്
Sunday, October 5, 2025 2:33 PM IST
ന്യൂഡൽഹി: ലഡാക്കിലെ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടതിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കും വരെ ജയിലിൽ തുടരുമെന്ന് ആക്ടിവിസ്റ്റ് സോനം വാംഗ്ചുക്ക്. ലീഗൽ ടീം ആണ് ഇക്കാര്യം അറിയിച്ചത്.
ശാരീരികമായും മാനസികമായും താൻ സുഖമായിരിക്കുന്നു. വെടിവയ്പ്പിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം. ജുഡീഷ്യൽ അന്വേഷണം ആരംഭിക്കുംവരെയും ജയിലിൽ തുടരും. ആറാം ഷെഡ്യൂളിനും സംസ്ഥാന പദവിക്കും വേണ്ടിയുള്ള ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നു. അപ്പക്സ് ബോഡി സ്വീകരിക്കുന്ന ഏതൊരു നടപടിയിലും പൂർണഹൃദയത്തോടെ കൂടെ നിൽക്കും. യഥാർഥ ഗാന്ധിയൻ അഹിംസയുടെ വഴിയിൽ സമാധാനപരമായി പോരാട്ടം തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അതേസമയം, ഭാര്യ ഗീതാഞ്ജലി ആംഗ്മോ നൽകിയ ഹേബിയസ് കോർപ്പസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റീസ് അരവിന്ദ് കുമാർ, എൻ.വി. അഞ്ജരിയയും എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുക.