ദ്വാരപാലകശില്പങ്ങളിലെ സ്വർണം പൂശൽ; ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്നും ചോദ്യം ചെയ്തു
Sunday, October 5, 2025 4:01 PM IST
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലകശില്പങ്ങളിലെ സ്വർണം പൂശൽ വിഷയത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് വീണ്ടും ചോദ്യം ചെയ്തു.
ഇന്ന് രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ നാല് മണിക്കൂറോളം നീണ്ടുനിന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വരുമാന സ്രോതസുകൾ, സാമ്പത്തിക ഇടപാടുകൾ, ഭൂമി ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളിലാണ് ചോദ്യം ചെയ്യൽ നടന്നത്.
കഴിഞ്ഞ ദിവസവും ഉണ്ണികൃഷ്ണൻ പോറ്റിയെ നാലു മണിക്കൂറോളം ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സ്വർണം പൂശിയ പാളി വിവിധ സംസ്ഥാനങ്ങളിൽ എത്തിച്ചതും ഇത് സംബന്ധിച്ച് പണപ്പിരിവ് നടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ആയിരുന്നു വെള്ളിയാഴ്ച ചോദ്യം ചെയ്തത്.
തന്റെ കൈവശമുണ്ടായിരുന്നത് ചെമ്പുതകിടാണെന്നും ഇതു കാണിച്ചുകൊണ്ട് പണപ്പിരിവ് നടത്തിയിട്ടില്ലെന്നുമായിരുന്നു ഉണ്ണികൃഷ്ണന്റെ വാദം. എന്നാൽ ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് കൃത്യമായ വ്യക്തത വരുത്തി.
ശബരിമലയിൽ നിന്നു കൊണ്ടു പോയത് സ്വർണം പൂശിയ പാളിയാണെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ഇതോടെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദങ്ങൾ പൊളിയുകയാണ്.
ഇന്ന് ഉണ്ണികൃഷ്ണൻ പോറ്റി യുടെ വരുമാന സ്രോതസുകളെ കുറിച്ചും മറ്റ് സാമ്പത്തിക, ഭൂമി ഇടപാടുകളെ കുറിച്ചുമാണ് വിജിലൻസ് വിവരങ്ങൾ തേടിയത്.