മാസപ്പടി കേസ്: മാത്യു കുഴൽനാടൻ സുപ്രീം കോടതിയിൽ
Sunday, October 5, 2025 7:59 PM IST
ന്യൂഡൽഹി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ സുപ്രീം കോടതിയിൽ. സിഎംആർഎൽ - എക്സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ സുപ്രീം കോടതിയെ സമീപിച്ചത്.
വിജിലൻസ് അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് കുഴൽനാടൻ അപ്പീല്‍ നൽകിയിരിക്കുന്നത്. കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും.
മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായി സിഎംആർഎല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ഹൈക്കോടതിയിൽ മാത്യു കുഴൽനാടൻ നൽകിയ ഹര്‍ജിയിലെ ആവശ്യം.
മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടന് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎംആർഎല്ലിൽ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്നുമായിരുന്നു വാദം.