ഛത്തീസ്ഗഡിൽ കാറും ട്രക്കും കൂട്ടിയിടിച്ചു; അഞ്ച് പേർ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്
Monday, October 6, 2025 12:43 AM IST
റായ്പുർ: ഛത്തീസ്ഗഡിലെ കബീർദാം ജില്ലയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു.
ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് അപകടമുണ്ടായത്. ചിൽപി പോലീസ് സ്റ്റേഷന്റെ കീഴിലുള്ള അകാൽഗാരിയ ഗ്രാമത്തിന് സമീപത്താണ് അപകടം നടന്നത്. ബലേനോ കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
മൂന്ന് സ്ത്രീകളും ഒരു പെൺകുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രികളിലേയ്ക്ക് മാറ്റി. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ റായ്പുരിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
പശ്ചിമ ബംഗാൾ സ്വദേശികൾ സഞ്ചരിച്ച കാറാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. കോൽക്കത്തയിലേയ്ക്കുള്ള ട്രെയിനിൽ കയറുവാനായി ബിലാസ്പുരിലേയ്ക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.