ഗാസയുടെ അധികാരം വിട്ടുകൊടുത്തില്ലെങ്കില്‍ ഹമാസിനെ തുടച്ചുനീക്കും; അന്ത്യശാസനവുമായി ട്രംപ്
Monday, October 6, 2025 3:25 AM IST
വാഷിംഗ്ടൺ: ഗാസയുടെ അധികാരം വിട്ടുകൊടുത്തില്ലെങ്കില്‍ ഹമാസിനെ തുടച്ചുനീക്കുമെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ മുന്നോട്ട് വച്ച സമാധാന പദ്ധതിയുടെ പശ്ചാത്തലത്തിൽ ഹമാസ് അധികാരം ഒഴിയാൻ വിസമ്മതിച്ചാൽ അവരെ ഉന്മൂലനം ചെയ്യും.
ഹമാസ് അധികാരത്തിൽ തുടരുമെന്ന് നിർബന്ധം പിടിച്ചാൽ എന്ത് സംഭവിക്കുമെന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ട്രംപ്. ഹമാസ് അവരുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ ട്രംപ് ഭരണകൂടം കൂടുതൽ കർശനമായ നടപടികളിലേക്ക് നീങ്ങിയേക്കാമെന്ന ആശങ്ക കൂടിയാണ് ഇതോടെ ഉയരുന്നത്.
ഹമാസിന് മുന്നറിയിപ്പുമായി നേരത്തെ ട്രംപ് രംഗത്തെത്തിയിരുന്നു. സമാധാന കരാറില്‍ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ബന്ദികളുടെ മോചനത്തിനും സമാധാന കരാര്‍ പൂര്‍ത്തീകരിക്കുന്നതിനുമായി ഇസ്രയേല്‍ താത്കാലികമായി ആക്രമണം നിര്‍ത്തിവച്ചതില്‍ നന്ദിയുണ്ട്.
ഹമാസ് എത്രയും പെട്ടെന്ന് തീരുമാനം കൈക്കൊള്ളണം. കാലതാമസം വരുത്തുന്നത് അനുവദിക്കില്ല. ഗാസയ്ക്ക് വീണ്ടും ഭീഷണി ഉയര്‍ത്തുന്ന യാതാന്നും അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.