ദുർഗാപൂജ ആഘോഷങ്ങൾക്കിടെ സംഘർഷം; കട്ടക്കിൽ ഇന്റർനെറ്റ് നിരോധനം
Monday, October 6, 2025 3:39 AM IST
കട്ടക്ക്: ദുർഗാപൂജ ആഘോഷങ്ങൾക്കിടെയുണ്ടായ സംഘർഷത്തിന് പിന്നാലെ ഒഡീഷയിലെ കട്ടക്കിൽ കർഫ്യൂ പ്രഖ്യാപിച്ചു. ദാരാഘബസാർ പ്രദേശത്തെ ഹാത്തി പൊഖാരിക്ക് സമീപം കഴിഞ്ഞ ദിവസം പുലർച്ചെ 1.30 നായിരുന്നു സംഭവം.
കഥജോഡി നദിയുടെ തീരത്തുള്ള ദേബിഗരയിലേക്ക് നിമജ്ജന ഘോഷയാത്ര നീങ്ങുന്നതിനിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഉച്ചത്തിൽ പാട്ട് വച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഘർഷത്തെ തുടർന്ന് നഗരത്തിൽ 36 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. മേഖലയിൽ ഇന്റർനെറ്റ് നിരോധനവും നിലവിൽ വന്നു. സെൻസിറ്റീവ് പ്രദേശങ്ങളിൽ കൂടുതൽ പോലീസ് സേനയെ വിന്യസിക്കാനും അധികൃതർ തീരുമാനിച്ചു.
ക്രമസമാധാന പാലനത്തിൽ ഭരണകൂടം പൂർണ പരാജയമാണെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് തിങ്കളാഴ്ച 12 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചു. ഘോഷയാത്രയ്ക്കിടെ ഉച്ചത്തിൽ പാട്ടുവച്ചത് ചില നാട്ടുകാർ എതിർത്തതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു.
ജനക്കൂട്ടം ഘോഷയാത്രയ്ക്ക് നേരെ കല്ലുകളും ഗ്ലാസ് കുപ്പികളും എറിയാൻ തുടങ്ങിയതോടെ ഏറ്റുമുട്ടലിലേക്ക് നീങ്ങി. ആക്രമണത്തിൽ കട്ടക്ക് ഡിസിപി ഖിലാരി ഋഷികേശ് ദിനിയാൻഡിയോ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.