ഗാസ വെടിനിർത്തൽ; ഇസ്രയേൽ - ഹമാസ് ചർച്ച ഇന്ന്
Monday, October 6, 2025 4:22 AM IST
കയ്റോ: ഗാസയിൽ സമാധാനം സ്ഥാപിക്കുന്നതിനായി യുഎസിന്റെയും അറബ് രാജ്യങ്ങളുടെയും മധ്യസ്ഥതയിൽ ഇന്ന് ഹമാസ് - ഇസ്രായേൽ ചർച്ച നടക്കും. ചർച്ചകൾക്കായി ട്രംപിന്റെ മരുമകൻ ജറേദ് കുഷ്നറും മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരും ഈജിപ്തിലെത്തി.
ഗാസ വെടിനിർത്തലിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച ഇരുപതിന പദ്ധതി സംബന്ധിച്ച് അവശേഷിക്കുന്ന അഭിപ്രായഭിന്നതകൾ പരിഹരിക്കലാണു ചർച്ചയുടെ ലക്ഷ്യം. ട്രംപിന്റെ പദ്ധതി പ്രകാരം ബന്ദികളെ കൈമാറിയാൽ വെടിനിർത്തലിന് ഇസ്രയേലും സമ്മതിച്ചിട്ടുണ്ട്.
ഹമാസിനെ നിരായുധീകരിക്കണമെന്ന ആവശ്യത്തിൽ നിന്ന് ഒരുവിധ വിട്ടുവീഴ്ചയ്ക്കും ഇസ്രയേൽ തയാറല്ല. വെടിനിർത്തൽ പദ്ധതിയിൽ ഹമാസിന്റെ ഭാഗത്തുനിന്നു താമസം ഉണ്ടാകുന്നത് അനുവദിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
എല്ലാ ബന്ദികളെയും വിട്ടയയ്ക്കാമെന്ന് ഹമാസ് അറിയിച്ചതിന് പിന്നാലെ ആക്രമണം നിര്‍ത്താന്‍ ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രംപിന്റെ നിര്‍ദേശം വകവെക്കാതെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്.
ശനിയാഴ്ച രാത്രിയിലും ഞായറാഴ്ചയുമായി ഇസ്രേലി യുദ്ധവിമാനങ്ങളും ടാങ്കുകളും ഗാസയുടെ പലഭാഗങ്ങളിൽ ആക്രമണം നടത്തി.