ഇനി സംഘർഷമുണ്ടായാൽ യുദ്ധവിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഇന്ത്യ മൂടപ്പെടും: പാക് പ്രതിരോധ മന്ത്രി
Monday, October 6, 2025 5:07 AM IST
ന്യൂഡൽഹി : ഇനി സംഘർഷമുണ്ടായാൽ യുദ്ധവിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഇന്ത്യ മൂടപ്പെടുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. ഇനിയൊരു ഏറ്റുമുട്ടലിന് സാഹചര്യമുണ്ടായാൽ പാക്കിസ്ഥാന്റെ ഭൂപടം തന്നെ മാറ്റേണ്ടിവരുമെന്ന കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ പരാമർശത്തിന് മറുപടിയായാണ് പാക് പ്രതിരോധ മന്ത്രി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ സേനാ കേന്ദ്രം സന്ദർശിക്കുമ്പോഴായിരുന്നു കരസേനാ മേധാവി പാക്കിസ്ഥാനു മുന്നറിയിപ്പു നൽകിയത്. ഭീകരത അവസാനിപ്പിച്ചില്ലെങ്കിൽ ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം പതിപ്പ് വൈകാതെയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
മേയിലെ ഏറ്റുമുട്ടലിൽ പരാജയമടഞ്ഞതോടെ തകർന്നടിഞ്ഞ വിശ്വാസ്യത തിരിച്ചുപിടിക്കാൻ ഇന്ത്യ ശ്രമം നടത്തുകയാണെന്ന് സമൂഹമാധ്യമ പോസ്റ്റിൽ ആസിഫ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ ആറ് ഇന്ത്യൻ പോർവിമാനങ്ങൾ തകർത്തെന്ന വാദം ആസിഫ് വീണ്ടും ആവർത്തിച്ചു.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ ആക്രമണങ്ങൾ പാക്കിസ്ഥാന്റെ എഫ്-16 വിമാനങ്ങൾ ഉൾപ്പെടെയുള്ള ഒരു ഡസനിലധികം സൈനിക വിമാനങ്ങൾ നശിപ്പിക്കുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്തുവെന്ന് ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി.സിംഗ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.