സ്വർണപ്പാളി വിവാദം: നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം, സഭ പ്രക്ഷുബ്ധം
Monday, October 6, 2025 10:23 AM IST
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. സഭ തുടങ്ങിയതോടെ പ്രതിപക്ഷം ബാനറുമായാണ് എത്തിയത്. ശബരിമലയിലെ സ്വർണം മോഷണം പോയെന്നും ദേവസ്വംമന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ശബരിമല പ്രശ്നം സഭയിൽ കൊണ്ട് വരാൻ സർക്കാർ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ പ്രതിപക്ഷം ചോദ്യോത്തര വേള തുടങ്ങിയതോടെ പ്രതിഷേധം ശക്തമാക്കി. എന്നാൽ ചോദ്യോത്തര വേളയിലേക്ക് സ്പീക്കർ കടന്നതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
ബഹളത്തിനിടെ സ്പീക്കറുടെ ഇരിപ്പിടം മറച്ചു പ്രതിപക്ഷം ബാനർ കെട്ടി. ഇതോടെ ഭരണപക്ഷവും എഴുന്നേറ്റു ബഹളം വച്ചു. പ്രതിഷേധം കനത്തതോടെ സഭ നിർത്തിവച്ചു.പിന്നീട് സഭ ചേർന്നപ്പോഴും പ്രതിപക്ഷ പ്രതിഷേധം തുടർന്നു. ഇതിനിടയിലും ചോദ്യോത്തരവേളയുമായി സ്പീക്കർ മുന്നോട്ട് പോയി. നോട്ടീസ് നൽകാതെ എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും സ്പീക്കർ ചോദിച്ചു.
സ്വർണപ്പാളി വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് തയാറാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പ്രതിപക്ഷം ചർച്ചയെ ഭയക്കുകയാണ്.അവർ ചർച്ചകളിൽനിന്ന് ഒളിച്ചോടുകയാണെന്നും അതിനാലാണ് സ്വർണപ്പാളി വിഷയത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിക്കാത്തതെന്നും രാജേഷ് പറഞ്ഞു.