രാജസ്ഥാനിൽ ബസിന് തീപിടിച്ച സംഭവം; 19 പേർ മരിച്ചു
Tuesday, October 14, 2025 11:17 PM IST
ജയ്പുർ: രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. 19 പേർ പൊള്ളലേറ്റ് മരിച്ചു. ജയ്സാൽമറിൽ നിന്ന് ജോധ്പുറിലേക്ക് പോയ ബസിനാണ് തീപിടിച്ചത്.
ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ജയ്സാൽമറിൽ നിന്ന് പുറപ്പെട്ട ബസിന് തയാട്ട് ഗ്രാമത്തിന് സമീപത്ത് എത്തിയപ്പോഴാണ് തീപിടിച്ചത്. നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ജയ്സാൽമറിലെ ജവഹർ ആശുപത്രിയിലേയ്ക്ക് മാറ്റി.
57 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിന് തീപിടിച്ചത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. അവർ വെള്ളം ഒഴിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും പൂർണമായും നടന്നില്ല.
പിന്നീട് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും പോലീസും ചേർന്നാണ് പൂർണമായി തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് പോലീസ് അറിയിച്ചത്.