ഇടിമിന്നലേറ്റ് സിഗ്നൽ തകരാർ; ട്രെയിൻ സർവീസ് തടസപ്പെട്ടു
Wednesday, October 15, 2025 7:58 AM IST
കോട്ടയം: ഇടിമിന്നലേറ്റ് സിഗ്നലിനു തകരാർ സംഭവിച്ചതിനാൽ കോട്ടയം - എറണാകുളം പാതയിൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.15ന് വൈക്കം റോഡ് (ആപ്പാഞ്ചിറ) സ്റ്റേഷന് സമീപത്തെ ഇലക്ട്രിക് ലൈനിനാണ് ഇടിമിന്നലിൽ തകരാർ സംഭവിച്ചത്.
ഇതോടെ ഹൈദരാബാദ് - തിരുവനന്തപുരം ശബരി സൂപ്പർ എക്സ്പ്രസ് വൈക്കം റോഡിലും, എറണാകുളം - കൊല്ലം മെമു പിറവം റോഡ് (വെള്ളൂർ) സ്റ്റേഷനിലും, മംഗലാപുരം - തിരുവനന്തപുരം പരശുറാം എക്സ്പ്രസ് മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിലും പിടിച്ചിട്ടു.
തുടർന്ന് തകരാർ പരിഹരിച്ച് വൈകുന്നേരം 3.40 ന് ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു. ഗതാഗതം പുനഃസ്ഥാപിച്ച ശേഷം അധികൃതർ ലൈനിൽ വിശദമായ പരിശോധനയും നടത്തി.