വനത്തിൽ അതിക്രമിച്ച് കയറി: കാട്ടിൽ കുടുങ്ങി; യുവാക്കള്‍ക്ക് ഇമ്പോസിഷന്‍ ശിക്ഷ
Wednesday, October 15, 2025 12:56 PM IST
കൊല്ലം: തെന്മല രാജാക്കൂപ്പില്‍ അതിക്രമിച്ച് കയറി കാട്ടിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ വനംവകുപ്പ് അധികൃതർ രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വഴിതെറ്റിയ ഇവർ പോലീസ് കണ്ട്രോള് റൂമില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചു.
തുടർന്ന് പോലീസ് ആര്യങ്കാവ് റേഞ്ച് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യുവാക്കളെ ഫോണിലൂടെ ബന്ധപ്പെട്ട് ലൊക്കേഷന്‍ അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് പിന്തുടര്ന്നെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ വൈകുന്നേരത്തോടെ ഇവരെ പുറത്തെത്തിക്കുകയായിരുന്നു.
അനധികൃതമായി വനമേഖലയില്‍ പ്രവേശിച്ചതിന് ഇവര്‍ക്കെതിരെ കേസ് എടുക്കാതെ അധികൃതർ ഇമ്പോസിഷന്‍ ശിക്ഷയായി നല്കി. നിരവധി വന്യമൃഗങ്ങളുള്ള വനമേഖലയായ രാജാക്കൂപ്പിലേക്ക് കയറരുതെന്ന് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇത് അവഗണിച്ചാണ് ഇവിടേക്ക് ആളുകള്‍ എത്തുന്നത്. യൂട്യൂബ് വീഡിയോ കണ്ടാണ് തങ്ങൾ ഇവിടെ എത്തിയതെന്ന് ഇവർ മൊഴി നൽകി. യൂട്യൂബ് ചാനലിനെതിരെ കേസെടുക്കുന്നത് ആലോചിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.