പീഡിപ്പിച്ചത് നിതീഷ് മുരളീധരൻ; ആർഎസ്എസിനെതിരെ കുറിപ്പെഴുതി ജീവനൊടുക്കിയ അനന്തുവിന്റെ മരണമൊഴി പുറത്ത്
Wednesday, October 15, 2025 7:49 PM IST
കോട്ടയം: ആർഎസ്എസ് ക്യാമ്പിൽ പീഡനത്തിനിരയായി എന്ന് പോസ്റ്റിട്ട ശേഷം ജീവനൊടുക്കിയ കാഞ്ഞിരപ്പള്ളി വഞ്ചിമല ചാമക്കാലായില്‍ അനന്തു അജിയുടെ വീഡിയോ സന്ദേശം പുറത്ത്.
മരണമൊഴി എന്ന പേരിൽ ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്ത വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. എന്തിനായിരിക്കും ആത്മഹത്യ ചെയ്തതെന്ന് ഈ വീഡിയോ കാണുമ്പോള്‍ നിങ്ങള്‍ക്ക് വ്യക്തമാകുമെന്നു പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്.
ഒരിക്കലും ആർഎസ്എസുകാരുമായി ഇടപെഴകരുതെന്നും സോ-കോൾഡ് സംഗികൾ ആയ അവർ പീഡകരാണെന്നും വീഡിയോയിൽ പറയുന്നു.
അവരുടെ ഐടിസി ക്യാമ്പുകളിലും ഒടിസി ക്യാമ്പുകളിലും വച്ച് താൻ മാനസികമായും ശാരീരികമായും ലൈംഗീകമായും പീഡനം അനുഭവിച്ചിട്ടുണ്ടെന്നും വീഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്.
അവർ കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നുണ്ടെന്നും പലരും അത് തുറന്നു പറയാത്തതാണെന്നും യുവാവ് പറയുന്നു.
ചെറുപ്രായത്തിലേ വീടിനടുത്തുള്ള ഒരാൾ തന്നെ തുടർച്ചയായി ലൈംഗീകമായി പീഡിപ്പിക്കുന്നുണ്ടായിരുന്നു എന്നും വീഡിയോയിൽ വെളിപ്പെടുത്തലുണ്ട്. എല്ലാവരും കണ്ണൻ എന്നു വിളിക്കുന്ന നിതീഷ് മുരളീധരൻ എന്നയാളാണ് തന്നെ പീഡിപ്പിച്ച ആളുടെ പേരെന്നും യുവാവ് പറഞ്ഞു.
നിരന്തര പീഡനത്തെ തുടർന്ന് ഒസിഡി രോഗിയായെന്നും ഒസിഡിക്കായി തെറാപ്പിയും കഴിഞ്ഞ ആറു മാസമായി ആന്റി ഡിപ്രസന്റ്സ് അടക്കം മൊത്തം ഏഴു കൂട്ടം ഗുളികകൾ താൻ കഴിക്കുന്നുണ്ടെന്നും വീഡിയോയിൽ പറയുന്നുണ്ട്.
തന്നെ അബ്യൂസ് ചെയ്ത ആള് വിവാഹം കഴിച്ച് സുഖമായി ജീവിക്കുകയാണെന്നും യുവാവ് വെളിപ്പെടുത്തി.
അതേസമയം, കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതിനു മുന്‍പു കാര്യങ്ങള്‍ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നു കമ്മിഷണര്‍ തോംസണ്‍ ജോസ് പറഞ്ഞു.
മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞ കാര്യങ്ങള്‍ അല്ലാതെ മറ്റൊന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് അനന്തുവിനെ തമ്പാനൂരിലെ ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.