പിഎൻബി വായ്പ തട്ടിപ്പ്: മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറാൻ അനുമതി
Friday, October 17, 2025 10:22 PM IST
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ ഒളിവിൽ പോയ വജ്ര വ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാൻ ബെൽജിയത്തിലെ കോടതി ഉത്തരവിട്ടു.
ബെൽജിയൻ നഗരമായ ആന്റ്വെർപ്പിലെ കോടതിയാണ് ചോക്സിയെ കൈമാറാൻ ഉത്തരവിട്ടത്. അതേസമയം ഇനിയും അപ്പീലിന് അവസരമുള്ളതിനാൽ മെഹുൽ ചോക്സിയെ ഉടൻ ഇന്ത്യയിലെത്തിക്കാനാവുമോയെന്ന് ഉറപ്പില്ല.
ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥരുടെയും നയതന്ത്ര ഇടപെടലിന്റെയും ഫലമായാണ് 2025 ഏപ്രിൽ 11ന് ആന്റ്വെർപ്പ് പോലീസ് മെഹുൽ ചോക്സിയെ അറസ്റ്റ് ചെയ്തത്.
2018-ലും 2021-ലുമായി മുംബൈ കോടതി പുറപ്പെടുവിച്ച രണ്ട് അറസ്റ്റ് വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് ചോക്സിയെ പിടികൂടിയിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസിലാണ് ചോക്സിക്കെതിരെ അന്വേഷണം.