ബിജെപി-സിപിഎം ഒത്തുതീര്‍പ്പ്: കെ.സി. വേണുഗോപാല്‍
Thursday, October 23, 2025 1:42 AM IST
കോഴിക്കോട്: ബിജെപി-സിപിഎം ഒത്തുതീര്‍പ്പിന്റെ ഭാഗമായി പുറത്തുവരുന്ന വിവിധ ഘടകങ്ങളില്‍ ഒരു ഭാഗമാണ് പിഎം ശ്രീ പദ്ധതിയില്‍ ചേരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
മുഖ്യമന്ത്രിയുടെ മകന് ഇഡി നോട്ടീസ് വന്നത് മറച്ചുവച്ചതും ലാവ്ലിന് കേസ് നിരന്തരം സുപ്രീംകോടതിയില്‍ മാറ്റിവയ്ക്കുന്നതും ഉള്‍പ്പെടെ വലിയ പരമ്പരതന്നെ ഈ ഒത്തുതീര്‍പ്പിന്റെ ഭാഗമായി നടന്നിട്ടുണ്ട്.
പ്രഖ്യാപിത നയങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ സിപിഎം ശ്രമിക്കുന്നത്. പിഎം ശ്രീ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പാക്കിയെന്നതു തെറ്റായ ധാരണയാണ്. പിഎം ശ്രീ പദ്ധതി കര്‍ണാടകയില്‍ നടപ്പാക്കിയത് 2021ലെ ബിജെപി സര്‍ക്കാരാണ്.
തെലുങ്കാനയിലും ഈ പദ്ധതി നടപ്പാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തല്ല. സംഘപരിവാര്‍ അജണ്ട സിലബസില്‍ ഉള്‍ക്കൊള്ളിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തെ കോണ്‍ഗ്രസ് ഒരിക്കലും അംഗീകരിക്കില്ല.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെക്കുറിച്ച് പഠിക്കണ്ടെന്നും പകരം ഗോഡ്സെയെക്കുറിച്ച് മാത്രം പഠിക്കണമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. അത് നടപ്പാക്കുന്നതിനുള്ള കൈക്കൂലിയാണോ ഈ പദ്ധതി പ്രകാരമുള്ള 1400 കോടി രൂപ?
ഏതെങ്കിലും പദവി നോക്കിയല്ല, മറിച്ച് സിപിഎമ്മിനെ താഴെയിറക്കി യുഡിഎഫിനെ വിജയിപ്പിക്കാന്‍ വേണ്ടി കേരളത്തില്‍ സജീവമായി ഉണ്ടാകും. താന്‍ ആലപ്പുഴയില്‍ നിന്നുള്ള യുഡിഎഫ് ജനപ്രതിനിധി കൂടിയാണെന്നും വേണുഗോപാല്‍ പറഞ്ഞു.