മെമ്മറി കാർഡ് കാണാനില്ലെന്ന പരാതിയിൽ അമ്മയിൽ തെളിവെടുപ്പ്
Thursday, October 23, 2025 4:55 AM IST
കൊച്ചി: മെമ്മറി കാർഡ് കാണാതായെന്ന പരാതിയിൽ സിനിമാതാര സംഘടനയായ അമ്മയിൽ തെളിവെടുപ്പ്. സംഘടന രൂപീകരിച്ച അഞ്ചംഗ കമ്മീഷനാണ് തെളിവെടുപ്പ് നടത്തുന്നത്.
വനിത അംഗങ്ങളുടെ പരാതികൾ റിക്കാർഡ് ചെയ്ത മെമ്മറി കാർഡ് കാണാതായെന്ന പരാതിയിലാണ് അന്വേഷണം വരുന്നത്. ശ്വേതാ മേനോൻ, ജോയ് മാത്യു, ദേവൻ, ശ്രീലത നമ്പൂതിരി, ശ്രീലത പരമേശ്വരൻ എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ.
പരാതിയുള്ളവർക്ക് കമ്മീഷന് മുമ്പാകെ മൊഴി രേഖപ്പെടുത്താനാകും. ഒക്ടോബർ 20 മുതൽ മൊഴിയെടുപ്പ് നടന്നുവരികയാണ്. ഓഗസ്റ്റ് 21നാണ് മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ചത്.
മീ ടൂ ആരോപണങ്ങൾ വന്നതിന് പിന്നാലെയാണ് സംഘടനയിലെ വനിതാ അംഗങ്ങൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നുപറയാനായി യോഗം വിളിച്ചത്. ഈ യോഗത്തിൽ ആളുകൾ പറഞ്ഞ അനുഭവങ്ങൾ മെമ്മറി കാർഡിൽ ചിത്രീകരിച്ചിരുന്നെന്നും എന്നാൽ അത് കാണാതായെന്നും പിന്നീട് ആരോപണം ഉയരുകയായിരുന്നു.