രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ടയര്‍ പുതഞ്ഞുപോയ സംഭവം; സുരക്ഷ വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്
Thursday, October 23, 2025 7:39 AM IST
തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിനിടെ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ടയര്‍ പ്രമാടത്ത് പുതഞ്ഞുപോയ സംഭവത്തിൽ സുരക്ഷാ വീഴ്ചയില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്. ഹെലികോപ്റ്റർ യാത്രയുടെ മേൽനോട്ടം വ്യോമസേനയ്ക്കായിരുന്നു.
ലാൻഡിംഗ് ഉൾപ്പെടെ ഭൗതിക സൗകര്യങ്ങൾ ഒരുകിയത് വ്യോമസേനയിലെ സാങ്കേതിക വിദഗ്ദരുടെ മേൽനോട്ടത്തിലാണെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. സംഭവം രാഷ്ട്രപതി ഭവനോ കേന്ദ്ര സർക്കാരോ സുരക്ഷാ വീഴ്ചയായി വിലയിരുത്തുകയോ ഇതേവരെ വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും പൊതുഭരണവകുപ്പും ഡിജിപിയും വ്യക്തമാക്കി.
സംഭവത്തിൽ കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ കൂടുതൽ നടപടികൾക്ക് പോകില്ലെന്നാണ് സൂചന. എന്നാല്‍ പുതിയ കോൺക്രീറ്റ് ആയതിനാൽ അര ഇഞ്ചിന്റെ താഴ്ച ഉണ്ടായെന്ന് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഇന്നലെ പ്രതികരിച്ചിരുന്നു.
ഹെലിപ്പാടിന്റെ ഉറപ്പിന്റെ കാര്യത്തിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. സുരക്ഷാ പ്രശ്നമുണ്ടായിരുന്നുവെങ്കിൽ ഇവിടെനിന്ന് തന്നെ ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്യില്ലായിരുന്നുവെന്നും കളക്ടര്‍ പറഞ്ഞു.