എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യ; കുറ്റപത്രം സമർപ്പിച്ചു
Thursday, October 23, 2025 9:55 AM IST
വയനാട്: ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനും മകനും ജീവനൊടുക്കിയ സംഭവത്തില്‍ പ്രത്യേക അന്വേഷകസംഘം കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. ആത്മഹത്യാ പ്രേരണക്കേസിലാണ് നടപടി.
കേസിൽ ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഒന്നാം പ്രതിയാണ്. വയനാട് ഡിസിസി മുന്‍ പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനും കോണ്‍ഗ്രസ് നേതാവ് കെ.കെ. ഗോപിനാഥനും രണ്ടും മൂന്നും പ്രതികളാണ്. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് പ്രത്യേക അന്വേഷകസംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
കേസിൽ നൂറോളം സാക്ഷിമൊഴികളുണ്ട്. ബാങ്ക് ഇടപാട് രേഖകള്‍, വിജയനുമായി നേതാക്കള്‍ നടത്തിയ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍, ഓഡിയോ ക്ലിപ്പിങ്ങുകള്‍, മറ്റ് ഡിജിറ്റല്‍ തെളിവുകള്‍, വിജയന്റെ ഡയറിയിലെ വിശദാംശങ്ങള്‍ എന്നിവയെല്ലാം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഒന്നര കോടിയോളം രൂപയുടെ ബാധ്യത വിജയന് ഉണ്ടായിരുന്നതായാണ് അന്വേഷക സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളും ജാമ്യത്തിലാണ്.
എന്‍.എം. വിജയന്റെയും മകന്റെയും മരണത്തില്‍ ഐ.സി. ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുടുംബം ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. വിജയന്റെ സാമ്പത്തിക ബാധ്യതയ്ക്ക് പാര്‍ട്ടി തന്നെയാണ് ഉത്തരവാദിയെന്ന് മകന് വിജേഷ് ആരോപിച്ചിരുന്നു.