ഇന്ത്യൻ വനിതകൾക്ക് ഇന്ന് ജീവന്മരണ പോരാട്ടം; എതിരാളികൾ കിവീസ്
Thursday, October 23, 2025 10:20 AM IST
മുംബൈ: ഐസിസി 2025 വനിതാ ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്ക് ഇന്ന് നിര്‍ണായക പോരാട്ടം. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യയുടെ ഇന്നത്തെ എതിരാളികള്‍ സോഫി ഡിവൈന്റെ ക്യാപ്റ്റന്‍സിയിലുള്ള ന്യൂസിലന്‍ഡാണ്.
ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് പോരാട്ടം. ജയിച്ചാല്‍ സെമി ഫൈനലിലേക്ക് ഒരു ചുവടുകൂടി അടുക്കാം എന്ന അവസ്ഥയിലാണ് ഇന്ത്യയും ന്യൂസിലന്‍ഡും ഇന്നിറങ്ങുന്നത്.
ജയിച്ചാല്‍ സെമി സ്വപ്നത്തിലേക്ക് അടുക്കാമെന്നതുകൊണ്ടുതന്നെ പോരാട്ടത്തിന്റെ ചൂട് ഇരട്ടിക്കും. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യക്കും ന്യൂസിലന്‍ഡിനും നാല് പോയിന്റ് വീതമാണ്. റണ്‍ റേറ്റില്‍ (+0.526) പ്ലസ് ഉള്ള ഇന്ത്യ നാലാം സ്ഥാനത്തും ന്യൂസിലന്‍ഡ് അഞ്ചാമതും. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ ഇതിനോടകം സെമി ഫൈനല്‍ ഉറപ്പിച്ചു.
ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി ഇന്ത്യ, ന്യൂസിലന്‍ഡ്, ശ്രീലങ്ക ടീമുകളാണ് രംഗത്തുള്ളത്. ഇന്നത്തേത് ഉള്‍പ്പെടെ ഇന്ത്യക്കും ന്യൂസിലന്‍ഡിനും രണ്ട് മത്സരങ്ങളുണ്ട്. ലങ്കയ്ക്ക് ഒരു മത്സരം മാത്രമാണുള്ളത്. ഇന്നു ജയിക്കുന്ന ടീമിന് ആറ് പോയിന്റാകും. എങ്കിലും അവസാന റൗണ്ടില്‍ മാത്രമേ സെമിയിലേക്കുള്ള നാലാം സ്ഥാനക്കാരുടെ ചിത്രം വ്യക്തമാകൂ.