ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ഇന്ത്യാ മുന്നണി മത്സരിക്കുമെന്ന് റിപ്പോർട്ട്
Saturday, August 2, 2025 10:52 AM IST
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി മത്സരിപ്പിക്കുമെന്ന് റിപ്പോർട്ട്. സ്ഥാനാർഥി ആരാകണമെന്നും സഖ്യത്തിലെ ഏത് പാർട്ടിക്കാണ് സ്ഥാനാർഥിത്വം നൽകേണ്ടതെന്നും അന്തിമ തീരുമാനം ആയിട്ടില്ല.
എൻഡിഎ സഖ്യത്തിന്റെ സ്ഥാനാർഥിക്ക് വിജയിക്കാൻ സാധിക്കുമെങ്കിലും ഏകപക്ഷീയ വിജയം നൽകേണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർഥിയെ നിർത്താനുള്ള ആലോചന നടക്കുന്നത്.
കഴിഞ്ഞ തവണത്തെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജഗ്ദീപ് ധൻഖറിനെതിരെ ഇൻഡ്യ മുന്നണി സ്ഥാനാർഥിയെ മത്സരിപ്പിച്ചിരുന്നു. കോൺഗ്രസിലെ മാർഗരറ്റ് ആൽവയാണ് സ്ഥാനാർഥിയായത്.
പോൾ ചെയ്ത 725 വോട്ടിൽ 182 വോട്ട് മാർഗരറ്റ് ആൽവ നേടി. മാർഗരറ്റ് ആൽവ പരാജയപ്പെട്ടെങ്കിലും എൻഡിഎ സഖ്യത്തിനെതിരെ ശക്തമായ മൽസരം കാഴ്ചവെക്കാൻ ഇൻഡ്യ മുന്നണിക്ക് സാധിച്ചു.
അതേസമയം, എൻഡിഎയുടെ സ്ഥാനാർഥിക്കായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്, ജെ.പി. നദ്ദ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ജെഡിയു നേതാവും രാജ്യസഭ ഉപാധ്യക്ഷനുമായ ഹരിവംശ് നാരായൺ സിംഗ് അടക്കമുള്ള പേരുകൾ പരിഗണനയിലുണ്ട്.