"ഒരു ബോംബ് വരുന്നുണ്ട്; ധൈര്യമായി ഇരിക്കണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പറഞ്ഞു...'
Friday, September 19, 2025 12:20 PM IST
പറവൂര്‍: 'ഒരു ബോംബ് വരുന്നുണ്ട്; ടീച്ചര്‍ ധൈര്യമായി ഇരിക്കണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പറഞ്ഞുവെന്ന് സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റി അംഗം കെ.ജെ ഷൈന്‍. തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ഭ്രൂണഹത്യ ഉള്‍പ്പെടെ നടത്തിയവര്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു സ്ത്രീയെ ഇരയാക്കി നടത്തിയ ശ്രമമാണ് തനിക്കെതിരായ ലൈംഗിക അപവാദ പ്രചരണങ്ങള്‍ക്ക് പിന്നിലുള്ളത്. കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നാണ് ഈ അപവാദങ്ങള്‍ എല്ലാം വന്നത്. കെടാമംഗലത്തുള്ള ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അപവാദ പോസ്റ്റ് ആദ്യം ഇട്ടത്. ബോംബ് പൊട്ടുമെന്നു പറഞ്ഞ കോണ്‍ഗ്രസിന്റെ ഒരു ഉയര്‍ന്ന നേതാവ് തന്നെയാണ് ഈ പ്രചരണങ്ങള്‍ക്ക് പിന്നിലെന്നും ഷൈൻ പറഞ്ഞു.
പ്രതിപക്ഷ നേതാവാണോ അപവാദ പ്രചരണത്തിന് നേതൃത്വം നല്‍കിയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, വേറെ ആരെങ്കിലും ബോംബ് പൊട്ടുമെന്ന വാക്ക് സമീപകാലത്ത് പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു ഷൈന്‍ ടീച്ചറുടെ മറുചോദ്യം.
ബോംബു പൊട്ടുമ്പോള്‍ തളര്‍ന്നു പോകരുതെന്ന് ഒരു കോണ്‍ഗ്രസ് പ്രാദേശിക നേതാവ് മുന്നറിയിപ്പു തന്നിരുന്നതായും അവര്‍ പറഞ്ഞു. നാട്ടുകാര്‍ക്ക് തങ്ങളുടെ കുടുംബത്തെ നന്നായി അറിയാം. അപവാദ പ്രചരണത്തില്‍ പറയുന്ന ദിവസം വീടിനു മുന്‍വശം പ്രാദേശിക ഓണാഘോഷം നടക്കുകയായിരുന്നു. താനും അതിലുണ്ടായിരുന്നു. തുടര്‍ന്ന് വാര്‍ഡിലെ പരിപാടിയില്‍ പങ്കെടുക്കുകയും ബന്ധു ആശുപത്രിയില്‍ ആയതിനാല്‍ അവിടേക്ക് പോകുകയുമായിരുന്നുവെന്ന് ഷൈന്‍ പറഞ്ഞു.
ചവിട്ടിപ്പൊളിച്ച വാതില്‍ ഉടനെ നന്നാക്കിയതായും പഴമ നിലനില്‍ക്കുന്ന വാതില്‍ ചൂണ്ടി ഹാസ്യരൂപത്തില്‍ അവര്‍ പ്രതികരിച്ചു. തങ്ങളുടെ ദേഹത്തു പറ്റിയ ചെളി മാറാന്‍ മറ്റുള്ളവരുടെ ദേഹത്ത് ചെളി വാരി എറിയുകയാണ് കോണ്‍ഗ്രസ് ചെയ്തത്. തങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണ്. ജീവിത പങ്കാളിയെ എപ്പോഴും കൂടെ ചേര്‍ത്തു നിര്‍ത്തുമെന്നും ഷൈനിന്റെ ഭര്‍ത്താവ് ഡൈന്യൂസ് പറഞ്ഞു.
സാമൂഹ്യമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരെ കെ.ജെ.ഷൈന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.