എഎഫ്സി ഏഷ്യന്‍ കപ്പ്; ഇന്ത്യ പുറത്ത്
Wednesday, October 15, 2025 7:25 AM IST
മഡ്ഗാവ്: എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. സിംഗപ്പുരിനെതിരായ നിര്‍ണായകമായ ഹോം മത്സരത്തില്‍ ലീഡെടുത്ത ശേഷം ഇന്ത്യ 2-1 തോൽവി വഴങ്ങുകയായിരുന്നു.
തോൽവിയോടെ ഇന്ത്യ അടുത്ത വർഷത്തെ ഏഷ്യൻ കപ്പിനു യോഗ്യത നേടാതെ പുറത്തായി. ഫറ്റോര്‍ഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സോംഗ് യുയി യങ്ങാണ് (44, 56) സിംഗപ്പൂരിനായി ഗോളുകൾ നേടിയത്. ലാലിയൻസുവാല ഛാംഗ്തെയാണ് (14) ഇന്ത്യയ്ക്കായി ഗോൾ നേടിയത്.
മത്സരം തുടങ്ങി 14-ാം മിനിറ്റിൽ തന്നെ ചാംഗ്തെയിലൂടെ ഇന്ത്യ മുന്നിലെത്തി. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ സോംഗ് യുയി യങ്ങിലൂടെ സിംഗപ്പൂർ ഒപ്പമെത്തി. പിന്നാലെ 58-ാം മിനിറ്റിൽ യങ്ങിലൂടെ സിംഗപ്പൂർ ലീഡെടുത്തതോടെ ഇന്ത്യ ഞെട്ടി.
സമനില ഗോളിനായി മാറ്റങ്ങൾ വരുത്തി ഇന്ത്യ പൊരുതിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. ഗ്രൂപ്പ് സിയിൽ നാല് മത്സരങ്ങൾ കളിച്ച ഇന്ത്യയ്ക്ക് രണ്ട് സമനിലയും രണ്ട് തോൽവിയുമാണുള്ളത്.