കൊച്ചി: കൊച്ചിയില്‍ സിഐടിയു നേതാവ് 50 ലക്ഷത്തിന്‍റെ മിനി കൂപ്പര്‍ സ്വന്തമാക്കിയ സംഭവത്തില്‍ വിവാദം കൊഴുക്കുന്നു. പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയന്‍ നേതാവായ പി.കെ. അനില്‍കുമാറിനുനേരെയാണ് ആഡംബര കാര്‍ വാങ്ങിയെന്ന ആരോപണം ഉയരുന്നത്.

അനില്‍കുമാര്‍ വാഹനം സ്വന്തമാക്കിയതിന്‍റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ എറണാകുളത്തെ പാര്‍ട്ടി കേന്ദ്രങ്ങളിലും സമൂഹമാധ്യമങ്ങളിലും മിനി കൂപ്പര്‍ ചര്‍ച്ചയാകുകയാണ്.

വൈപ്പിന്‍ കുഴിപ്പള്ളിയില്‍ ഗ്യാസ് ഏജന്‍സി നടത്തുന്ന വനിത സംരംഭകയെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പി.കെ. അനില്‍കുമാറിനെതിരേ പരാതി ഉയര്‍ന്നിരുന്നു.

കൊച്ചിയിലെ ഓയില്‍ കമ്പനിയില്‍ കയറി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും അനില്‍കുമാര്‍ ഉള്‍പ്പെട്ടിരുന്നു.

അതേസമയം, ഇന്ത്യൻ ഓയില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥയായ ഭാര്യയാണ് കാര്‍ വാങ്ങിയതെന്നാണ് പി.കെ. അനില്‍കുമാറിന്‍റെ വിശദീകരണം. ഭാര്യയുടെ പേരില്‍ തന്നെയാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും. ആഢംബര കാറിന്‍റെ പേരില്‍ തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതില്‍ രാഷ്ട്രീയ താത്പര്യമുണ്ടെന്നും അനില്‍കുമാര്‍ ആരോപിച്ചു.

ടോയോട്ട ഇന്നോവ, ഫോര്‍ച്യൂണര്‍ വാഹനങ്ങളും അനില്‍കുമാര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇവയെല്ലാം ഇയാളുടെ പേരില്‍ തന്നെയാണുള്ളത്. എന്നാൽ ഇതു സംബന്ധിച്ച് പരാതിയൊന്നും സിഐടിയുവിന് ലഭിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ പറഞ്ഞു.