ഫ്രെഡി ചുഴലിക്കാറ്റ്: മരണസംഖ്യ 500 കടന്നു
Monday, March 20, 2023 6:54 AM IST
ലിലോംഗ്വെ: ദക്ഷിണ - കിഴക്കൻ ആഫ്രിക്കയിലെ മലാവിയിലും മൊസാംബിക്കിലും വീശിയടിച്ച ഫ്രെഡി ചുഴലിക്കാറ്റിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 552 ആയി. മൊസാംബിക്കിൽ 67 പേരും മലാവിയിൽ 438 പേരുമാണ് മരിച്ചത്. മഡഗാസ്കറിൽ 17 പേരുടെ ജീവനെടുത്ത ചുഴലിക്കാറ്റിന്റെ ഒന്നാം തരംഗത്തിൽ 27 പേർക്ക് മരണപ്പെട്ടിരുന്നു.
3,45,000-ത്തിലേറെ പേരെ ദുരിതത്തിലാക്കിയ ചുഴലിക്കാറ്റിൽ നിരവധി വീടുകളാണ് തകർന്നുവീണത്. മേഖലയിൽ നൂറിലേറെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
ഫെബ്രുവരിയിൽ നാശം വിതച്ച ഫ്രെഡി ചുഴലിക്കാറ്റിന്റെ രണ്ടാം തരംഗമാണ് മേഖലയെ ദുരിതത്തിലാക്കിയത്. ഇരു രാജ്യങ്ങളിലും കടുത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്.
ആയിരക്കണക്കിന് ആളുകൾ പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ വേഗം കുറഞ്ഞെങ്കിലും ദുരിതബാധിത മേഖലയിൽ നിന്ന് ജനങ്ങളെ പൂർണമായും പുറത്തെത്തിക്കാൻ സാധിച്ചിട്ടില്ല. വെള്ളപ്പൊക്കം ബാധിച്ച മേഖലയിലെ ജനങ്ങൾ മരക്കൊമ്പുകളിൽ അഭയം തേടി രക്ഷാസേനയുടെ ബോട്ടുകൾക്കായി കാത്തിരിക്കുകയാണ്. മേഖലയിൽ ഭക്ഷ്യക്ഷാമവും രൂക്ഷമാണ്.
ഓസ്ട്രേലിയൻ തീരത്ത് ജന്മം കൊണ്ട ഫ്രെഡി ചുഴലിക്കാറ്റ് ഇന്ത്യൻ മഹാസമുദ്രത്തിന്റെ ദക്ഷിണഭാഗം പിന്നിട്ട് മഡഗാസ്കറിൽ എത്തിയ ശേഷമാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ദക്ഷിണമേഖലയിൽ ആഞ്ഞടിച്ചത്. ചുഴലിക്കാറ്റുകളുടെ ദിശാസഞ്ചാരപ്രക്രിയയിൽ അപൂർവമായ രീതിയിൽ, ലൂപ്(ചാക്രിക ചലനം) കണക്കെ മഡഗാസ്കറിലേക്ക് തിരികെ സഞ്ചരിച്ച ഫ്രെഡി ചുഴലിക്കാറ്റ് വീണ്ടും ആഫ്രിക്കയിലേക്ക് എത്തുകയായിരുന്നു.