ഡൽഹി മലയാളിയുടെ ദുരൂഹമരണം; സൂചനകളൊന്നും ലഭിക്കാതെ പോലീസ്
Monday, October 2, 2023 10:09 AM IST
ന്യൂഡൽഹി: മലയാളി സാമൂഹിക പ്രവർത്തകൻ പി.പി.സുജാതന്റെ ദുരൂഹമരണത്തിൽ സൂചനകളൊന്നും ലഭിക്കാതെ പോലീസ്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തിയവരെ ചോദ്യം ചെയ്തെങ്കിലും ഇവരിൽ നിന്നും സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
ദ്വാരക മോഡിന് സമീപം ശിവാനി എന്‍ക്ലേവില്‍ താമസിച്ചിരുന്ന തിരുവല്ല മേപ്രാല്‍ സ്വദേശി പി.പി. സുജാതനെയാണ്(58) കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പാർക്കിൽ മരിച്ച നിലയിൽ കണ്ടത്തിയത്. എസ്.എന്‍.ഡി.പി. ദ്വാരക ശാഖ സെക്രട്ടറിയായിരുന്നു.
പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയം.
മുപ്പത് വർഷത്തോളമായി ഡൽഹിയിലാണ് സുജാതൻ താമസിക്കുന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി പോയ സുജാതനെ പിന്നീട് കാണാതായിരുന്നു.
അതേസമയം സംഭവത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻ മഹാരാഷ്ട്ര സംസ്ഥാന ഘടകം കേരള മുഖ്യമന്ത്രിയ്ക്കും മറ്റ് കേന്ദ്രമന്ത്രിമാർക്കും പരാതി നൽകിയിരുന്നു. സംഭവത്തില്‍ ആന്റോ ആന്റണി എംപിയും ആഭ്യന്തര മന്ത്രി അമിത്ഷാക്ക് കത്ത് നൽകിയിരുന്നു.