ഡൽഹി ചലോ മാർച്ച് തത്കാലം നിർത്തി വയ്ക്കും; കർഷകർ അതിർത്തിയിൽ തുടരും
Friday, February 23, 2024 11:10 PM IST
ന്യൂഡൽഹി: ഡൽഹി ചലോ മാർച്ച് തത്കാലം നിർത്തിവയ്ക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു. കർഷകർ ഡൽഹിയിലേക്ക് മാർച്ച് ചെയ്യില്ലെന്നും അതിർത്തിയിൽ കർഷകർ തുടരുമെന്നുമാണ് തീരുമാനം. കൂടുതൽ കർഷകരെ അതിർത്തിയിലേക്ക് എത്തിക്കാനും തീരുമാനിച്ചു.
പ്രതിഷേധത്തിനിടെ മരിച്ച കർഷകൻ ശുഭ് കരൺ സിംഗിന് നീതി ഉറപ്പാക്കാൻ പ്രതിഷേധം ശക്തമാക്കുമെന്നാണ് കർഷക സംഘടനകൾ അറിയിച്ചു. ശുഭ് കരൺ സിംഗിന്റെ മരണത്തിൽ ഹരിയാന പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസ് എടുക്കണം.
നടപടികൾ തുടങ്ങാതെ യുവ കർഷകന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താനോ സംസ്കരിക്കാനോ അനുവദിക്കില്ലെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.
ഇതിനിടെ കര്‍ഷക സമരത്തിൽ പൊതുതാത്പര്യ ഹര്‍ജിയുമായി സിഖ് ചേംബർ ഓഫ് കൊമേഴ്സ് സുപ്രീംകോടതിയില്‍ ഹർജി നൽകി. കർഷകരുടെ ആവശ്യങ്ങൾ തീര്‍പ്പാക്കാന്‍ കോടതി ഇടപെടണമെന്നാണ് ആവശ്യം.
പോലീസ് നടപടിയിൽ കേസ് എടുക്കണമെന്നും സാമൂഹിക മാധ്യമ അക്കൗണ്ടുകൾ റദ്ദാക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.