പന്താട്ടം; ഇന്ത്യ ബി മികച്ച ലീഡിലേക്ക്
Saturday, September 7, 2024 7:05 PM IST
ബംഗളൂരു: ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ എയ്ക്കെതിരെ ബി ടീം മികച്ച ലീഡിലേക്ക്. സ്കോർ: ഇന്ത്യ എ 231 ഇന്ത്യ ബി 321, 150/6. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ബി ടീം ആറ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തിട്ടുണ്ട്. നിലവില്‍ 240 റണ്‍സിന്റെ ലീഡുണ്ട് ടീമിന്.
ഏകദിന ശൈലിയിൽ ബാറ്റുവീശിയ റിഷഭ് പന്തിന്റെ (47 പന്തില്‍ 61) ഇന്നിംഗ്സാണ് ടീമിനെ ലീഡിലേക്ക് നയിച്ചത്. 22 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ടീമിനെ സര്‍ഫറാസ് ഖാൻ (46) റിഷഭ് പന്ത് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ഖലീല്‍ അഹമ്മദ്, ആകാശ് ദീപ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കെ.എല്‍. രാഹുല്‍ (37), മായങ്ക് അഗര്‍വാള്‍ (36), റിയാന്‍ പരാഗ് (30), തനുഷ് കൊടിയാന്‍ (32) എന്നിവരാണ് എ ടീമിനായി ഒന്നാം ഇന്നിംഗ്സിൽ തിളങ്ങിയത്.