ചൊവ്വാഴ്ച 19 തദ്ദേശ വാർഡുകളിൽ വോട്ടെടുപ്പ്
Sunday, May 28, 2023 10:14 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ചൊവ്വാഴ്ച ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ. വോട്ടെടുപ്പ് ചെവ്വാഴ്ച രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ്.
അന്ന് രാവിലെ ആറിന് മോക്പോൾ നടത്തും. വോട്ടെണ്ണൽ മേയ് 31ന് രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. ഒൻപത് ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, പതിനഞ്ച് ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്.
ആകെ 60 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 29 പേർ സ്ത്രീകളാണ്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ ജില്ലാ അടിസ്ഥാനത്തിൽ:
തിരുവനന്തപുരം - തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ 18-മുട്ടട, പഴയകുന്നുമ്മേൽ പഞ്ചായത്തിലെ 10-കാനാറ.
കൊല്ലം - അഞ്ചൽ പഞ്ചായത്തിലെ 14-തഴമേൽ.
പത്തനംതിട്ട – മൈലപ്ര പഞ്ചായത്തിലെ 05ാം വാർഡ്.
ആലപ്പുഴ - ചേർത്തല മുനിസിപ്പൽ കൗൺസിലിലെ 11-മുനിസിപ്പൽ ഓഫീസ്.
കോട്ടയം - കോട്ടയം മുനിസിപ്പൽ കൗൺസിലിലെ 38-പുത്തൻതോട്, മണിമല പഞ്ചായത്തിലെ 06-മുക്കട, പൂഞ്ഞാർ പഞ്ചായത്തിലെ 01-പെരുന്നിലം.
എറണാകുളം - നെല്ലിക്കുഴി പഞ്ചായത്തിലെ 06-തുളുശേരിക്കവല.
പാലക്കാട് -പെരിങ്ങോട്ടുകുറിശി പഞ്ചായത്തിലെ 08-ബമ്മണ്ണൂർ, മുതലമട പഞ്ചായത്തിലെ 17-പറയമ്പള്ളം, ലെക്കിടി പേരൂർ പഞ്ചായത്തിലെ 10-അകലൂർ ഈസ്റ്റ്, കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ 03-കല്ലമല, കരിമ്പ പഞ്ചായത്തിലെ 01-കപ്പടം.
കോഴിക്കോട് -ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ 07- ചേലിയ ടൗൺ, പുതുപ്പാടി പഞ്ചായത്തിലെ 05-കണലാട്, വേളം പഞ്ചായത്തിലെ 11-കുറിച്ചകം.
കണ്ണൂർ - കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ 14-പള്ളിപ്രം, ചെറുതാഴം പഞ്ചായത്തിലെ 16-കക്കോണി.