ഗോധ്ര കേസ്: പ്രതികൾക്ക് ജാമ്യം നൽകേണ്ടെന്ന് ഗുജറാത്ത് സർക്കാർ
Saturday, December 3, 2022 11:29 AM IST
അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിന് വഴിവച്ച ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിക്കേണ്ട സാഹചര്യമില്ലെന്ന് ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു.
ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 31 പ്രതികൾ 2018-ൽ നൽകിയ ഹർജിയിൽ അഭിപ്രായം അറിയിക്കണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രതികളിൽ പലരും 18 വർഷത്തോളമായി തടവിൽ തുടരുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന് മറുപടിയായി, പ്രതികൾ ട്രെയിനിന് നേരെ കല്ലേറ് നടത്തിയവരല്ലെന്നും ട്രെയിൻ കത്തി നശിച്ചപ്പോൾ അകത്തുണ്ടായിരുന്നവരെ രക്ഷപ്പെടാൻ അനുവദിക്കാതെ വാതിലുകൾ അടച്ചിരുന്നുവെന്നും സർക്കാർ പറഞ്ഞു.
2002 ഫെബ്രുവരി 27-നാണ് കർസേവകർ സഞ്ചരിച്ചിരുന്ന സബർമതി എക്സപ്രസിന്റെ എസ് - 6 കോച്ചിന് പ്രതികൾ തീ വച്ചത്. 22 സ്ത്രീകളും എട്ട് കുട്ടികളുമടക്കം 59 പേർ മരിച്ച സംഭവത്തിൽ 31 പ്രതികളാണ് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്.