ബോയ് ലൈനുകൾക്കിടയിൽ കുടുങ്ങിയ തിമിംഗലത്തെ മോചിപ്പിച്ചു
Sunday, June 4, 2023 2:48 AM IST
സിഡ്നി: കടൽതീരത്തിന് സമീപം സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന പ്ലാസ്റ്റിക് നിർമിത ലൈൻ ബോയ് ചരടുകൾക്കിടെ കുടുങ്ങിയ ഭീമൻ തിമിംഗലത്തെ എട്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഓസ്ട്രേലിയൻ രക്ഷാപ്രവർത്തകർ മോചിപ്പിച്ചു.
സിഡ്നിയിലെ പോർട്ട് കെംബാലയ്ക്ക് സമീപത്തുള്ള ഫൈവ് ഐലൻഡ്സ് മേഖലയിലാണ് സംഭവം നടന്നത്. കടലിലെ ആഴം ജനങ്ങൾക്ക് മനസിലാക്കാനായി സ്ഥാപിച്ചിരുന്ന ബോയ് ലൈനിന്റെ ചരടുകൾക്കിടയിൽ ഭീമൻ ഹംപ്ബാക്ക് തിമിംഗലം കുടുങ്ങുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മറീൻ റെസ്ക്യു ഫോഴ്സും മൃഗസംരക്ഷ പ്രവർത്തരും ചേർന്ന് ഏറെ പണിപ്പെട്ടാണ് ലൈൻ ബോയ്കൾ തിമിംഗലത്തിന്റെ ശരീരത്തിൽ നിന്ന് നീക്കം ചെയ്തത്. പ്ലാസിക് കെട്ടുപാടുകളിൽ നിന്ന് മോചിതയായ തിമിംഗലം കടലിലേക്ക് തനിയെ നീന്തിനീങ്ങിയെന്ന് അധികൃതർ അറിയിച്ചു.