തെക്കന്‍ ഗാസയിലേക്ക് കടന്നുകയറി ഇസ്രയേല്‍ സൈന്യം
Monday, December 4, 2023 2:59 AM IST
ഗാസ സിറ്റി: തെക്കന്‍ ഗാസയില്‍ കടന്നു കയറി ആക്രമണം ശക്തമാക്കി ഇസ്രയേല്‍ സൈന്യം. മൂന്നു ദിവസത്തെ ശക്തമായ ബോംബാക്രമണത്തിനു ശേഷമാണ് ഇസ്രയേല്‍ ഗാസയില്‍ കരയുദ്ധം ശക്തമാക്കിയിരിക്കുന്നത്.
ഗാസയിലെ ഖാന് യൂനിസിന്റെ വടക്കുഭാഗം ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ സേനയുടെ മുന്നേറ്റം. ഗാസയില്‍ ഇസ്രേലി ടാങ്കുകള്‍ നീങ്ങുന്നതിന്റെ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്.
തെക്കന്‍ ഗാസയില്‍ ഇസ്രേലി സേന ശക്തമായി പോരാടുകയാണെന്ന് ഇസ്രേലി ഡിഫന്‍സ് ഫോഴ്സ്(ഐഡിഎഫ്) തലവന്‍ ലെഫ്.ജനറല്‍. ഹെര്‍സി ഹാലെവി പട്ടാളക്കാരോടു വെളിപ്പെടുത്തി.
ഗാസയിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന കരുതല്‍ സേനാംഗങ്ങളോടായി തങ്ങളുടെ ലക്ഷ്യത്തെക്കുറിച്ചും ഹമാസ് നേതാക്കളെ വധിക്കുന്നതിനെക്കുറിച്ചും സംസാരിക്കവെയാണ് ഹാലെവി ഇക്കാര്യം പറഞ്ഞത്.
'' നമ്മള് വടക്കന്‍ ഗാസ മുനമ്പില്‍ നമ്മള് ശക്തമായി പോരാടി, ഇപ്പോള്‍ അതേ പോരാട്ടമാണ് തെക്കന്‍ ഗാസ മുനമ്പില്‍ കാഴ്ച വയ്ക്കുന്നത്' ഹാലെവി സൈനികരോടു പറഞ്ഞു.
ഇസ്രയേല്‍ കരസേനയുടെ സൈനിക നീക്കം ഗാസയൊട്ടാകെ വ്യാപിപ്പിച്ചതായി ഒരു കരസേന വക്താവ് വെളിപ്പെടുത്തി. തീവ്രവാദികളുമായി മുഖാമുഖം വരുന്ന പോരാട്ടത്തിനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരാഴ്ചത്തെ വെടിനിര്‍ത്തലിനു ശേഷം വലിയ തോതിലുള്ള ബോംബാക്രമണമാണ് ഇസ്രയേല്‍ ഗാസയിൽ നടത്തിയത്. ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ആക്രമണം എന്നാണ് ഖാന് യൂനിസ് നിവാസികള്‍ ഇതേക്കുറിച്ച് പറഞ്ഞത്.