ബെവ്കോയിലെ "മൂന്നാം കണ്ണ്' തകർന്നില്ല, 32 കുപ്പി മദ്യം മോഷ്ടിച്ചവരുടെ ദൃശ്യങ്ങൾ ലഭിച്ചു
വെബ് ഡെസ്ക്
Saturday, September 30, 2023 11:08 PM IST
കൊല്ലം : കരുനാഗപ്പള്ളി ബെവ്കോ ഔട്ട്ലറ്റിൽ സംഘം ചേർന്ന് മോഷണം. 32 കുപ്പി മദ്യവും ഒരു കുപ്പി വൈനും മോഷണം പോയിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മോഷ്ടാക്കൾ ഔട്ട്ലറ്റിന്റെ മുൻവശത്തെ ഷട്ടർ തകർത്ത് അകത്ത് കടക്കുകയും മദ്യ കുപ്പികൾ എടുത്ത്കൊണ്ട് പോകുകയുമായിരുന്നു.
ശേഷം പുലർച്ചെ അഞ്ച് വരെ ഈ സംഘം ഔട്ട്ലറ്റിന്റെ പരിസരത്ത് തന്നെ ഉണ്ടായിരുന്നു. മുഖം മറച്ചെത്തിയ സംഘം രണ്ട് സിസിടിവി കാമറകൾ തകർത്തു. പ്രധാന കാമറ തകർക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഔട്ട്ലറ്റിന് സമീപത്തുള്ള ഗോഡൗണിലുള്ളവരാണ് ഷട്ടർ തുറന്ന് കിടക്കുന്നത് കണ്ടത്.
ഇവിടെ നിന്നും പണം മോഷണം പോയിട്ടില്ലെന്നും ഇതര സംസ്ഥാന തൊഴിലാളികളാകാം ഇതിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നു. സിസിടിവി ദൃശ്യങ്ങളിൽ നാലു പേരെ കാണാൻ സാധിക്കും. കരുനാഗപ്പള്ളി പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.