പണ്ട് ടാക്സി സർവീസ്; ഇപ്പോൾ പാർട്ടി ബിനാമി സർവീസ്
Wednesday, September 27, 2023 5:16 PM IST
തൃശൂര്‍: ബാങ്ക് തട്ടിപ്പു കേസിൽ ചോദ്യം ചെയ്യുന്നതിനും കസ്റ്റഡിയിലെടുക്കുന്നതിനും അറസ്റ്റിനുമൊക്കെ മുന്‍പ് സിപിഎം നേതാവ് പി.ആർ. അരവിന്ദാക്ഷന്റെ ഭൂതകാലം ചികഞ്ഞപ്പോൾ ആൾ ഒരു ചെറിയ മീൻ അല്ലെന്ന് ഇഡിക്ക് വ്യക്തമാകുകയായിരുന്നു. ഒരു ചെറു ചൂണ്ടയിൽ കുരുങ്ങില്ല ഈ മീനെന്നും അവർക്കു ബോധ്യപ്പെട്ടു.
അരവിന്ദാക്ഷൻ ബിനാമികളുടെ തമ്പുരാനാണെന്ന വിശേഷണമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലാകുന്ന ആദ്യ പ്രമുഖ സിപിഎം നേതാവാണ് സിപിഎം വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ കൂടിയായ അരവിന്ദാക്ഷന്.
പണ്ട് വടക്കാഞ്ചേരിയിലും അത്താണിയിലും ടാക്സി കാർ ഓടിച്ചിരുന്ന അരവിന്ദാക്ഷൻ പിന്നീട് സിപിഎമ്മിലെ പ്രമുഖരുടെ ബിനാമി ബിസിനസുകളുടെ സ്റ്റിയറിംഗ് നിയന്ത്രിക്കുന്ന പ്രമുഖനായി. രണ്ട് കരിങ്കൽ ക്വാറികൾ അരവിന്ദാക്ഷന് ഉണ്ടായിരുന്നു. കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബിനാമി ഇടപാടിൽ ഹോട്ടലുകളും പ്രവർത്തിച്ചിരുന്നു.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിക്കടുത്തും അരവിന്ദാക്ഷന് ഒരു ഹോട്ടലുണ്ട്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ എച്ച്ഡിസി കാന്റീൻ പിടിച്ചെടുക്കാൻ ശ്രമിച്ചവർക്ക് എല്ലാ പിന്തുണയും കൊടുത്തത് അരവിന്ദാക്ഷൻ ആയിരുന്നുവെന്ന് അന്ന് അഭ്യൂഹം ഉണ്ടായിരുന്നുവെങ്കിലും പാർട്ടിയുടെയും ബിനാമികളുടെയും കരുത്തിൽ അതൊന്നും കാര്യമായി ചർച്ച ചെയ്യപ്പെട്ടില്ല.
മുൻമന്ത്രി എ.സി മൊയ്തീന്റെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളായ അരവിന്ദാക്ഷൻ മുൻ എംപിയുടെയും വേണ്ടപ്പെട്ട ആളായിരുന്നു. ഏറ്റവും നന്നായി വിശ്വസിക്കാം എന്നുറപ്പുള്ളതുകൊണ്ടുതന്നെ പാർട്ടിയിലെ ബിനാമി ഇടപാടുകൾക്ക് "അര' എന്ന് കോഡ് ഭാഷയിൽ അറിയപ്പെട്ട അരവി എന്ന പി.ആർ. അരവിന്ദാക്ഷൻ പ്രധാനിയും പ്രിയപ്പെട്ടവനുമായി.
അരവിന്ദാക്ഷൻ ജാതകം അങ്ങനെ തിരുത്തിക്കുറിക്കുകയായിരുന്നു. സൗമ്യനും ശാന്തശീലനും ആരെയും കൊടിയുടെ നിറം നോക്കാതെ സഹായിക്കാനുള്ള മനസും അരവിന്ദാക്ഷന് ഉണ്ടായിരുന്നതിനാൽ പൊതുജന മധ്യത്തിൽ നല്ല ഇമേജ് കാത്തുസൂക്ഷിക്കാനും ഈ ബിനാമി ഇടപാടുകൾക്കിടയിലും അരവിന്ദാക്ഷൻ സാധിച്ചു.
കരുവന്നൂർ തട്ടിപ്പിലെ പ്രധാന പ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷൻ പരിചയത്തിൽ ആവുന്നത് തൃശൂർ മെഡിക്കൽ കോളജിനു സമീപം ബിസിനസ് ചെയ്യുമ്പോഴാണ്. സൗഹൃദത്തിൽ തുടങ്ങി സഹായസഹകരണങ്ങളിലൂടെ സഹകരണ ബാങ്കിലെ കോടികൾ വെളുപ്പിച്ചെന്ന വലിയ കുറ്റത്തിലേക്ക് എത്തിനിൽക്കുന്നു ഇവരുടെ ബന്ധം. ഇവരുടെ പരിചയ ശൃംഖലയിൽ കണ്ണികളായിട്ടുള്ളത് അധ്വാനിക്കുന്ന ജനവിഭാഗമല്ലെന്ന് മാത്രം.