കരുവന്നൂരിൽ ഇഡി വന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്: മുഖ്യമന്ത്രി
Wednesday, September 27, 2023 7:00 PM IST
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുള്ള ഇഡി അന്വേഷണം ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
സംസ്ഥാനത്തെ സഹകരണ മേഖലയെ തകർക്കുക എന്ന ഗുഢലക്ഷ്യമാണ് ചിലർക്കുള്ളത്. ഇതിനായുള്ള പ്രവർത്തനങ്ങൾ അവർ വളരെ മുൻപ് തന്നെ തുടങ്ങിയിരുന്നു. തെറ്റു ചെയ്തവർക്കെതിരേ ശക്തമായ നടപടിയുണ്ടാകും. ചോറിൽ ഒരു കറുത്ത വറ്റുണ്ടെങ്കിൽ അത് എടുത്തു കളയുകയല്ലേ ചെയ്യുന്നതെന്നും അതിന് ചോറാകെ മോശമാണെന്ന് പറയാൻ കഴിയുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
സിപിഎം നേതാക്കളെ മോശക്കാരാക്കാനാണ് ഇഡി ശ്രമിക്കുന്നത്. നേതാക്കൾക്കാർക്കും ബിനാമി ഇടപാടുകളില്ലെന്നും ഇഡിയുടെ ലക്ഷ്യം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂരിൽ ഇഡി അന്വേഷണം നടത്തി പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ല. ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് നേരത്തെ തന്നെ 18 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകളിലായി 26 പേർ പ്രതി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പോലീസ്, ക്രൈംബ്രാഞ്ച് അന്വേഷണങ്ങൾ മികവുറ്റതായിരുന്നു. കരുവന്നൂരിലെ സംഭവം സർക്കാർ അതീവ ഗൗരവതരമായാണ് കണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സഹകരണ മേഖലയിലെ ക്രമക്കേടുകൾ തടയാൻ 50 വർഷം പഴക്കമുള്ള നിയമങ്ങൾ പരിഷ്കരിച്ചു. കരുവന്നൂർ ബാങ്കിനെ തകർച്ചയിൽ നിന്നും കരകയറ്റാനാണ് സർക്കാർ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.