ആദ്യം ജോലി വാഗ്ദാനം, പിന്നീട് കബളിപ്പിക്കൽ: ഓൺലൈൻ തട്ടിപ്പുകളെ പറ്റി ഓർമിപ്പിച്ച് കേരള പോലീസ്
വെബ് ഡെസ്ക്
Tuesday, December 5, 2023 6:39 AM IST
തിരുവനന്തപുരം: നിലവിൽ ചെയ്യുന്ന ജോലിയോടൊപ്പം വീട്ടിലിരുന്ന് ഓൺലൈനായി അധിക ജോലി ചെയ്ത് പണം സന്പാദിക്കാമെന്ന തരത്തിലുള്ള പരസ്യങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പുകളെ പറ്റി ഓർമിപ്പിച്ച് കേരള പോലീസ്. ഇത്തരത്തിൽ ഉള്ള ജോലികൾ ഇന്റർനെറ്റിൽ തിരയുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നതാണ് തട്ടിപ്പുകാരുടെ ആദ്യപടിയെന്നും പിന്നീട് അവരെ ഫോൺ അല്ലെങ്കിൽ ഇമെയിൽ വഴി വാഗ്ദാനങ്ങൾ നൽകി വലയിലാക്കുകയാണ് ഇവരുടെ രീതിയെന്നും പോലീസ് പറയുന്നു.
തട്ടിപ്പിന് ഇരയാകുന്നവരെ ബാങ്ക് വിവരങ്ങളടക്കം ഇവർ ചോർത്തും. രജിസ്ട്രേഷൻ ഫീസ് വേണമെന്ന് ആവശ്യപ്പെട്ട് ഒരു തുക തട്ടിയെടുക്കുന്നതാണ് ഇവരുടെ ആദ്യ നീക്കം. ചിലർ എന്തെങ്കിലും ജോലി നൽകുമെങ്കിലും പ്രതിഫലമായി വളരെ കുറഞ്ഞ തുക നൽകുകയോ പണമൊന്നും നൽകാതിരിക്കുകയോ ചെയ്യും.
തട്ടിപ്പിന് ഇരയാകാതിരിക്കാൻ ഇത്തരത്തിൽ തൊഴിൽ വാഗ്ദാനം ചെയ്യുന്ന കന്പനികളുടെ വിശദവിവരങ്ങൾ ഇന്റർനെറ്റിൽ നിന്നും അല്ലാതെയും ശേഖരിക്കണമെന്നും ആധികാരികത ഉറപ്പ് വരുത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
തട്ടിപ്പിനിരയായാൽ ഉടൻതന്നെ 1930 എന്ന നമ്പറിൽ സൈബർ പൊലീസ് ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കണമെന്നും ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ വിവരം അറിയിച്ചാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും കേരള പോലീസ് ചൂണ്ടിക്കാട്ടുന്നു.